വടകര: കുട്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയിലെ ലാപ് ടോപ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ സ്വദേശി വിഷ്ണുവിനെയാണ് (32) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. നാഷനൽ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി ആശുപത്രിക്ക് അനുവദിച്ച ലാപ് ടോപ്പാണ് പ്രതി മോഷ്ടിച്ചത്.
ആശുപത്രിയിൽ ഇലക്ട്രിക്ക് ജോലിക്കായെത്തിയ പ്രതി ഇവിടെ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് മോഷണം നടത്തിയത്. മെഡിക്കൽ ഓഫിസറുടെ മുറിയിൽനിന്നാണ് ലാപ് ടോപ് മോഷണം പോയത്. ലാപ് ടോപ് കാണാതായതോടെ ആശുപത്രി അധികൃതർക്ക് സംശയം തോന്നി ഇയാളോട് ചോദിച്ചിരുന്നു. തുടർന്ന് ഇയാൾ ആശുപത്രിയിൽനിന്ന് മുങ്ങുകയുണ്ടായി.
വടകര പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവിധ ഇടങ്ങളിലായി മാറി മാറി ജോലി ചെയ്തിരുന്ന വിഷ്ണുവിനെ പയ്യന്നൂരിൽനിന്ന് പിടികൂടി. ലാപ് ടോപ് എറണാകുളത്ത് കടയിൽ വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു. വടകര എസ്.ഐ എം.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഗണേശൻ, സിവിൽ പൊലീസ് ഓഫിസർ സജീവൻ, സി.പി.ഒ സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
