ചെന്നൈ: തമിഴ്നാട്ടിൽ പ്രമുഖർക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും നടൻമാരായ അജിത് കുമാർ, അരവിന്ദ് സ്വാമി, നടി ഖുശ്ബു എന്നിവരുടെ വസതികൾക്ക് നേരെ ഞായറാഴ്ച രാത്രിയിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ഡി.ജി.പിയുടെ ഓഫീസിലേക്ക് ലഭിച്ച ഇമെയിലിനെത്തുടർന്ന് ഇവരുടെ വീടുകളിൽ സുരക്ഷാ പരിശോധനകൾ നടത്തി. പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും ലഭിക്കാത്തതിനാൽ വ്യാജമാണെന്ന് തെളിഞ്ഞു. എന്നാൽ ഭീഷണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ച ചെന്നൈയിലെ ഇഞ്ചമ്പക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലേക്കും നടൻ അരുൺ വിജയിക്കെതിരെയും അജ്ഞാതരിൽ നിന്ന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇവരുടെ വീടിന്റെ പരിസരത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തിയെങ്കിലും ഉദ്യോഗസ്ഥർക്ക് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. നടനും രാഷ്ട്രീയ നേതാവുമായ എസ്.വി. ശേഖറിന്റെ വീടിനും ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ മാസം സംഗീത സംവിധായകൻ ഇളയരാജയുടെ സ്റ്റുഡിയോക്കും താരങ്ങളായ രജനീകാന്ത്, ധനുഷ്, വിജയ്, തൃഷ എന്നിവരുടെ വീടുകൾക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. അതും വ്യാജമാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി.
ഇത്തരം വ്യാജ ബോംബ് ഭീഷണികൾക്ക് ഇരയാകുന്ന പ്രമുഖരുടെ പട്ടിക വർധിച്ചതോടെ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ലെങ്കിലും വ്യാജ ഭീഷണി മുഴക്കിയ വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സൈബർ സെൽ വഴിയും മറ്റ് സാങ്കേതിക മാർഗങ്ങളിലൂടെയും സന്ദേശമയച്ച വ്യക്തിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
