തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 26.8 ലക്ഷം വോട്ടര്‍മാര്‍

news image
Nov 17, 2025, 6:37 am GMT+0000 payyolionline.in

കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടര്‍മാര്‍. 12,66,374 പുരുഷന്‍മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 26,82,681 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 1490 വോട്ടര്‍മാരുമുണ്ട്. ജില്ലയിൽ കരട് വോട്ടർ പട്ടികയിൽ 11,77,753 പുരുഷന്മാരും 13,02,256 സ്ത്രീകളും 23 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 24,80,032 വോട്ടർമാരാണുണ്ടായിരുന്നത്. 88,621 പുരുഷന്മാരും 1,14,019 സ്ത്രീകളും ഒമ്പത് ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 2,02,649 വോട്ടർമാരുടെ വർധനയാണ് അന്തിമ പട്ടികയിൽ ഉള്ളത്.

സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നാലാമതാണ് കോഴിക്കോട് ജില്ല. 36,18,851 വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (29,26,078), തൃശൂര്‍ (27,54,278) ജില്ലകളാണ് കൂടുതല്‍ വോട്ടര്‍മാരുള്ള മറ്റു ജില്ലകള്‍. 6,47,378 പേരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍.

പ്രവാസി വോട്ടര്‍മാരുടെ കാര്യത്തില്‍ കോഴിക്കോട് ജില്ലയാണ് ഏറ്റവും മുന്നില്‍. പുതുക്കിയ വോട്ടര്‍പട്ടിക അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെ പക്കല്‍ പരിശോധനക്ക് ലഭ്യമാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി രണ്ടു ദിവസം പിന്നിട്ടിട്ടും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ നാമനിർദേശ പത്രിക സമർപ്പണം ഇതുവരെ സാധ്യമായിരുന്നില്ല. ഇത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe