തിരുവനന്തപുരം :കരിക്കകം സ്വദേശിയായ ജെ ആർ ശിവപ്രിയ പ്രസവശേഷം മരിച്ചത് ബാക്ടീരിയൽ അണുബാധ മൂലമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. സ്റ്റഫൈലോകോക്കസ് ബാക്ടീരിയയാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് പറയാനാകില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. SAT ആശുപത്രിയിലെ അണുബാധ നിയന്ത്രണ റിപ്പോർട്ടുകൾ സമിതി പരിശോധിച്ചു. ഇതിൽ പോരായ്മകൾ കണ്ടെത്താനായില്ല.
ഗർഭസ്ഥ ശിശുവിന് ചലനം കുറവായിരുന്നുവെന്ന കാരണത്താലാണ് ഒക്ടോബർ 19 ന് ശിവപ്രിയയെ മറ്റൊരു ആശുപത്രിയിൽ നിന്ന് എസ് എ ടി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തത്. തുടർന്ന് 37 ആഴ്ച പൂർത്തിയായ ശിവപ്രിയയെ പ്രസവിപ്പിക്കാൻ തീരുമാനിച്ചു. അതിനുവേണ്ട മരുന്നുകളും ചികിത്സയും നൽകുകയും 22 ന് പ്രസവിക്കുകയും ചെയ്തു.
24 ന് ഡിസ്ചാർജ് ചെയ്തശേഷം 26 ന് പനിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലെത്തിയ ശിവപ്രിയയ്ക്ക് നടത്തിയ പരിശോധനയിൽ സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥ സ്ഥിരീകരിച്ചു. തുടർന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സ ഏകോപിപ്പിക്കുകയും മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തുവെങ്കിലും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. ഞായർ രാവിലെ 11.50 ന് മരണം സംഭവിക്കുകയായിരുന്നു.
