പുൽവാമ: ഡൽഹിയിൽ ചാവേർ ആക്രമണം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ സേന ബോംബ് വെച്ച് തകർത്തു. ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതി ഉമർ ആണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രിതമായാണ് പുൽവാമയിലെ വസതി പൊളിച്ചത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയുമായാണ് വീട് തകർത്തത്. സ്ഫോടകവസ്തു (ഐഇഡി) ഉപയോഗിച്ച് വീട് തകർത്തതായി അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച നടന്ന ചെങ്കോട്ട സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡോ ഉമറാണ് തിരക്കേറിയ ചെങ്കോട്ട പ്രദേശത്ത് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 ഓടിച്ചിരുന്നത് എന്ന് ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ ഉമറിന്റെ കൃത്യമായ പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
സ്ഫോടനത്തെത്തുടർന്ന് ജമ്മു കശ്മീർ പൊലീസ് ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ് നടത്തുകയാണ്. രാത്രി മുഴുവൻ നടത്തിയ റെയ്ഡുകളിൽ ഡോ. ഉമറിന്റെ മൂന്ന് കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ഫരീദാബാദ് ഭീകരാക്രമണ ശൃംഗല കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത കശ്മീരിൽ നിന്നുള്ള മറ്റ് രണ്ട് ഡോക്ടർമാരുമായി ഉമറിന് ബന്ധമുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
