ദില്ലി: ദില്ലിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍. ചെങ്കോട്ട സ്ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നല്കി. ദില്ലിയിലേത് ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി. യുക്തിരഹിതമായ അക്രമ പ്രവൃത്തിയാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.
ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെ മന്ത്രിസഭാ ശക്തമായി അപലപിച്ചു. ഭീകരവാദ പ്രവർത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍, ലോകരാജ്യങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനയിൽ ഭാഗമായവരെയും കണ്ടെത്താൻ ശക്തവും വേഗത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകി. ഭീകരവാദികളെ സ്പോൺസർ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉന്നതതലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സേനകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പ്രവർത്തികളെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ
രാജ്യസുരക്ഷയെ വെല്ലുവിളിച്ച ദില്ലി ചെങ്കോട്ട സ്ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എൻഐഎ. സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരർ വാങ്ങിയ മറ്റ് വാഹനങ്ങൾക്കായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ കൂടാതെ മറ്റു രണ്ട് വാഹനങ്ങൾ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു.
