കാരിപറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രത്തിൽ വൻ തീപിടിത്തം

news image
Nov 12, 2025, 6:16 am GMT+0000 payyolionline.in

അരീക്കോട്: കാരിപറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്സിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉഗ്രപുരം സ്വദേശി പുത്തൻകുളം വീട്ടിൽ സി. ലിബിന്റേതാണ് യൂനിറ്റ്. ഇതുവഴി യാത്ര ചെയ്തവരാണ് തീ ആദ്യം കണ്ടത്. ഉടൻ സമീപവാസികളെയും ഉടമയെയും വിവരമറിയിക്കുകയായിരുന്നു. മുക്കം, മഞ്ചേരി അഗ്നിരക്ഷാനിലയങ്ങളിൽ നിന്നെത്തിയ മൂന്ന് ഫയർ യൂനിറ്റുകൾ ഒന്നര മണിക്കൂർ പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്. അഗ്നിരക്ഷാ സേനയുടെ ഇടപെടലാണ് തീ സമീപ വീടുകളിലേക്ക് പടരാതെ തടഞ്ഞത്.

വ്യവസായ കേന്ദ്രത്തിലെ മെഷിനറികളും വെളിച്ചെണ്ണയും ഇലക്ട്രിക് വയറിങ്ങും കത്തി നശിച്ചു. റോഡിലേക്ക് ഒഴുകിപ്പരന്ന വെളിച്ചെണ്ണ സേനാംഗങ്ങൾ വാഹനത്തിലെ വെള്ളം പമ്പ് ചെയ്ത് കഴുകി വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി. സ്ഥാപനത്തിലെ കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.

മുക്കം അഗ്നിരക്ഷാനിലയത്തിലെ സ്‌റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, അസി. സ്‌റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, മഞ്ചേരി സ്റ്റേഷൻ ഇൻ ചാർജ് വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. സമീപത്ത് ഫയർ സ്റ്റേഷനില്ലാത്തതിനാൽ മുക്കത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തുന്നതിന് കാലതാമസമെടുക്കുന്നതായി എന്ന് നാട്ടുകാർ പറയുന്നു. അരീക്കോട് കേന്ദ്രീകരിച്ച് പുതിയ ഫയർ സ്റ്റേഷൻ വേണമെന്ന് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe