പാവറട്ടി (തൃശൂർ): ശബരിമലയിൽ പോകാൻ വ്രതമെടുത്ത വിദ്യാർഥി കറുത്ത വസ്ത്രം അണിഞ്ഞതിന്റെ പേരിൽ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. ഇതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിൽ യൂനിഫോം മാത്രമേ അനുവദിക്കൂവെന്ന നിലപാടിലാണ് സ്ഥാപന അധികൃതർ.
ശബരിമലക്കു പോകുന്നതിന് വ്രതമെടുത്തതിനെ തുടർന്നാണ് വിദ്യാർഥി യൂനിഫോമിനു പകരം കറുത്ത വസ്ത്രം അണിഞ്ഞ് സ്കൂളിലെത്തിയതെന്ന് പറയുന്നു. യൂനിഫോം അല്ലാത്തതിനാൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് രക്ഷാകർത്താക്കൾ സ്കൂളിലെത്തി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ പറയുന്നു. നവംബർ മൂന്നുമുതൽ പത്തു ദിവസമായി പഠനം മുടങ്ങിയെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
പലതവണ കുട്ടിയുടെ രക്ഷിതാക്കൾ മുഖേന സ്കൂളിൽ വന്നിട്ടും അവരെ പുറത്താക്കുകയാണ് ചെയ്തതെന്നും ഹിന്ദു സംഘടനകൾ പല തവണ സ്കൂൾ അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഹിന്ദു ഐക്യവേദി പ്രവർത്തകർ പറഞ്ഞു. പ്രിൻസിപ്പലും പ്രധാനാധ്യാപകനുമാണ് വിദ്യാർഥിയുടെ പഠനം തടസ്സപ്പെടുത്തിയതെന്നും ആരോപിക്കുന്നു. സ്കൂൾ ചെയർമാൻ പറഞ്ഞതനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കൂ എന്ന ഉറച്ച തീരുമാനമാണ് സ്കൂൾ അധികൃതർ എടുത്തത്.
മണ്ഡലകാലത്ത് വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ച് വരുന്നത് തടയുന്നതിൽനിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു. അതേസമയം, സ്കൂളിന്റെ നിയമവ്യവസ്ഥ അനുസരിച്ചാണ് കാര്യങ്ങൾ നടപ്പാക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു
