തിരുവനന്തപുരത്ത് 93 സീറ്റുകളിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ആര്യ രാജേന്ദ്രൻ മത്സരിക്കില്ല

news image
Nov 10, 2025, 1:05 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 93 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബാക്കി എട്ട് സീറ്റുകളില്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം ചൊവ്വാഴ്ച പ്രഖ്യാപനം നടത്തും. 17 സീറ്റുകളില്‍ സിപിഐ മത്സരിക്കും. അര്‍ജെഡി മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് ബി ഒരു സീറ്റിലും മത്സരിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല.

 

30 വയസ്സിന് താഴെ 13 പേരാണ് സ്ഥാനാര്‍ഥികളായുള്ളത്. അലത്തറയില്‍ മത്സരിക്കുന്ന 23-കാരി മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. നാല് സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളും സ്ഥാനാര്‍ഥികളായുണ്ട്. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐടി ജീവനക്കാര്‍, സിനിമാപ്രവർത്തകർ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

31 സീറ്റുകളിലാണ് ഘടകകക്ഷികള്‍ ജനവിധി തേടുക. പട്ടം വാര്‍ഡില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ മകള്‍ തൃപ്തി രാജ് മത്സരിക്കും. എസ്.പി. ദീപക് പേട്ടയിലും എസ്. പ്രശാന്ത് കഴക്കൂട്ടത്തും ജനവിധി തേടുമ്പോള്‍ ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ ആര്‍. അമൃത മത്സരിക്കും. കവടിയാറില്‍ സുനില്‍ കുമാര്‍, മുട്ടടയില്‍ അംശു വാമദേവന്‍ എന്നിവരും മത്സരിക്കുന്നു. ആദ്യഘട്ടമായ ഡിസംബര്‍ ഒന്‍പതിനാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe