കണ്ണൂർ: ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വബോധം വർധിപ്പിക്കുന്നതിനായി റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നിവ സംയുക്തമായി റെയില്‍വേ എസ്.പിയുടെ നേതൃത്വത്തില്‍ ഓപ്പറേഷൻ രക്ഷിത പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃതമായ പ്രവർത്തനങ്ങള്‍, മദ്യപിച്ച് യാത്ര ചെയ്യല്‍, ലഹരിക്കടത്ത്, സ്ത്രീ യാത്രികരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയാനും വേണ്ടിയാണ് പദ്ധതി.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് റെയില്‍വെ ഡിവൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ വനിത പോലീസ് ഉള്‍പ്പടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിംഗ് നടത്തും. സ്ത്രീകള്‍ കൂടുതലായുള്ള കമ്ബാർട്ട്മെന്റുകളില്‍ പരിശോധന ശക്തമാക്കും.
മദ്യ ലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആല്‍കോമീറ്റർ പരിശോധന 38 റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവരെയും റെയില്‍വേ ട്രാക്കില്‍ കല്ലും മറ്റു വസ്തുക്കളും വെച്ച് അപകടം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താൻ ആർപിഎഫും റെയില്‍വേ പോലീസും ലോക്കല്‍ പോലീസും പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും യാത്രാട്രെയിനുകളിലും ബോംബ് സ്ക്വാഡിനേയും നർക്കോട്ടിക് വിഭാഗത്തേയും ഉപയോഗിച്ച് മയക്കുമരുന്നുകളും നിരോധിത പുകയില ഉല്പന്നങ്ങളും ഹവാല പണവും കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളില്‍ ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവ കണ്ടെത്തിയാല്‍ ബോംബ് സ്ക്വാഡ്, കെ 9 സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ അടിയന്തര പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
റെയില്‍വേ കേസുകളില്‍ ഉള്‍പ്പെട്ട ശേഷം അറസ്റ്റില്‍ നിന്നും ഒഴിവായി നടക്കുന്നവരേയും വിവിധ കോടതികള്‍ വാറണ്ട് ഇഷ്യു ചെയ്തിട്ടുള്ളവരെയും കണ്ടെത്താനായുള്ള ഊർജിത ശ്രമവും ഇതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു. സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെയും യാത്രാട്രെയിനുകളില്‍ ടിക്കറ്റില്ലാതെയും യാത്ര ചെയ്യുന്നവരെയും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും നിരീക്ഷിച്ച് അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കും.
റെയില്‍വേ പാസഞ്ചർ അസോസിയേഷനുകളും, പോർട്ടർമാരും, കച്ചവടക്കാരും സുരക്ഷാ സംവിധാന ത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ ബോധവത്ക്കരണ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഇതിന് റെയില്‍വേ പോലീസ് മേല്‍നോട്ടം വഹിക്കും. അധികമായുള്ള പോലീസ് വിന്യാസം വരുംദിവസങ്ങളില്‍ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും ഉണ്ടാകും. ഇന്റലിജൻസ് ആസ്ഥാനത്ത് കണ്ട്രോള് റൂം ഡി വൈ എസ് പി ഇവയുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കും.
സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെ അതില്‍ നിന്നും പിൻതിരിപ്പിക്കുന്നതിന് മുൻകരുതല്‍ നടപടിയുടെ ഭാഗമായി അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ സ്ഥിരം കുറ്റവാളികളെ കാപ്പ പ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
റെയില്‍വേ യാത്രക്കാർക്ക് സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളേയോ കണ്ടാല്‍ അടുത്തുള്ള പോലീസുകാരെയോ റെയില്‍ അലർട്ട് കണ്ട്രോള് നമ്ബരായ 9846200100 ലോ, ഇ ആർ എസ് എസ് കണ്‍േട്രാള്‍ 112 എന്ന നമ്ബരിലോ, റെയില്‍വേ ഹെല്പ്പ്ലൈൻ നമ്ബരായ 139 ലോ വിവരം നല്‍കാം.
