കേരളത്തിലും ഇനി വർക്കേഷൻ; നയം ഉടൻ

news image
Nov 6, 2025, 1:45 pm GMT+0000 payyolionline.in

തിരുവനന്തപുരം: തൊഴിലും വിനോദവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വർക്കേഷന്‌ കേരളം പുതിയ നയം രൂപീകരിക്കുന്നു. ഐടി മേഖലയിൽനിന്നുള്ളവർ ഉൾപ്പെടെയുള്ള പുതിയ തലമുറക്ക്‌ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ വിശ്രമിച്ചുകൊണ്ട്‌ തന്നെ ജോലിയും ചെയ്യുന്നതിനുള്ള അടിസ്ഥാന സ‍ൗകര്യങ്ങൾ ഒരുക്കുന്നതിനാണ്‌ പുതിയ നയം കൊണ്ടുവരുന്നത്‌. ഇതിന്റെ കരട്‌ ജനുവരിയിൽ പ്രഖ്യാപിക്കുമെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

 

പ്രാഥമിക നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഉന്നത തല യോഗവും നടന്നു. വർക്കേഷന്‌ ഏറ്റവും അടിസ്ഥാനമായി വേണ്ടത്‌ തടസ്സമില്ലാത്തതും വേഗതയുള്ളതുമായ ഇന്റർനെറ്റ്‌ സ‍ൗകര്യമാണ്‌. അതിനാൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനും സ്ഥിരമായ വൈദ്യുതി വിതരണവും ഉറപ്പാക്കും. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ സൗകര്യപ്രദമായ കോ-വർക്കിംഗ് സ്പേസുകളും ശബ്ദരഹിതമായ പ്രവർത്തനമേഖലകളും ഒരുക്കുക തുടങ്ങിയവ നയത്തിന്റെ ഭാഗമാകും.

വർക്കേഷൻ കേന്ദ്രങ്ങൾ, പാക്കേജുകൾ, പ്രാദേശിക അനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രത്യേക ഓൺലൈൻ പോർട്ടൽ വികസിപ്പിക്കും. വർക്കേഷനെ പ്രാദേശിക സംസ്കാരം, ഭക്ഷണം, പ്രകൃതി വഴികൾ, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവയുമായി ബന്ധിപ്പിക്കുക, ടൂറിസം ഓപ്പറേറ്റർമാർ, ഐ ടി കമ്പനികൾ, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് സ്ഥിരതയുള്ള വർക്കേഷൻ ഹബ്ബുകൾ രൂപപ്പെടുത്തുക, വർക്കേഷൻ കേന്ദ്രങ്ങളിൽ മാലിന്യനിർമാർജനം, പുതുക്കിയ ഊർജ ഉപഭോഗം തുടങ്ങിയ പരിസ്ഥിതി സൗഹൃദ രീതികൾ നടപ്പാക്കുക, ദീർഘകാല സന്ദർശകർക്കായി മെഡിക്കൽ സൗകര്യങ്ങളും അടിയന്തര സേവനങ്ങളും യാത്രാ ഇൻഷുറൻസും ലഭ്യമാക്കുക, പ്രാദേശിക സമൂഹത്തെ വർക്കേഷൻ സേവനങ്ങളിലേയ്ക്ക് ഉൾപ്പെടുത്തി തൊഴിൽസാധ്യതയും സാംസ്കാരിക കൈമാറ്റവുമുണ്ടാക്കുക തുടങ്ങിയവയും പുതിയ നയത്തിന്റെ ഭാഗമാകും.

 

കേരളത്തിന്റെ വർക്കേഷൻ ലോകത്തിന്‌ പരിചയപ്പെടുത്താനായി ആഗോള ഡിജിറ്റൽ ക്യാമ്പെയ്‌നുകൾ ടൂറിസം വകുപ്പ്‌ സംഘടിപ്പിക്കും. കേരളത്തെ “ഇന്ത്യയുടെ വർക്കേഷൻ തലസ്ഥാനം” എന്ന നിലയിൽ ഇൻഫ്ലുവൻസർമാരുമായി സഹകരിച്ച് ഇതിനായി പദ്ധതി തയ്യാറാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe