‘ഡിജിറ്റൽ അറസ്റ്റി’ലായ വീട്ടമ്മയെ ബാങ്ക് ജീവനക്കാർ രക്ഷിച്ചു; 21.5 ലക്ഷം രൂപ നഷ്ടമാകുന്നത് തടഞ്ഞു

news image
Nov 6, 2025, 6:00 am GMT+0000 payyolionline.in

തിരുവല്ല: ‘ഡിജിറ്റൽ അറസ്റ്റ്’ നടത്തി വീട്ടമ്മയുടെ പണം തട്ടാനുള്ള തട്ടിപ്പുകാരു​ടെ ശ്രമം ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ വിഫലമായി. വിദേശജോലിക്കു ശേഷം തിരുവല്ലയിലെ മഞ്ഞാടിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന 68കാരിയെയാണ് തട്ടിപ്പുസംഘം രണ്ട് ദിവസത്തോളം ‘ഡിജിറ്റൽ അറസ്റ്റ്’ നടത്തിയത്. 21.5 ലക്ഷം രൂപ തട്ടിപ്പുകാർക്ക് കൈമാറാനുള്ള നീക്കം ബാങ്ക് ജീവനക്കാരുടെ ബുദ്ധിപൂർവമായ ഇടപെടലിലൂടെയാണ് തടഞ്ഞത്.

 

ഇക്കഴിഞ്ഞ ഞായർ ഉച്ചയ്ക്കാണ് അക്കൗണ്ട് ഉടമയുടെ ഫോണിലേക്ക് വിഡിയോ കോൾ വരുന്നത്. മുംബൈ ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ കനറ ബാങ്കിലെ അക്കൗണ്ട് ആധാർ കാർഡിൽ തിരിമറി നടത്തിയതായി വിവരം കിട്ടിയതായും പറഞ്ഞു. ഇതിന്റെ വിവരം അറിയാനാണെന്ന് വിളിച്ചയാൾ പറഞ്ഞു.

തനിക്ക് ബാങ്ക് ഓഫ് ബറോഡയിൽ മാത്രമേ അക്കൗണ്ട് ഉള്ളുവെന്നു പറഞ്ഞപ്പോൾ അതിന്റെ വിശദാശംങ്ങൾ ചോദിക്കാൻ തുടങ്ങി. വീട്ടമ്മ എല്ലാം പങ്കുവെച്ചു. മറ്റാരോടും വിവരം പറയരുതെന്ന് വിളിച്ചയാൾ നിർദേശിച്ചു. ഫാൺകോൾ മണിക്കൂറുകളോളം തുടർന്നു. രാത്രി 11.30 ആയപ്പോൾ ഫോൺ ചൂടായി എന്നു പറഞ്ഞപ്പോഴാണ് നിർത്തിയത്. പിന്നീട് പിറ്റേദിവസം രാവിലെ 5 മണിക്ക് വീണ്ടും വിളിച്ചു. അക്കൗണ്ടിലെ പണം മുഴുവൻ അയച്ചുകൊടുത്താൽ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് ഇവർ ബാങ്കിൽ എത്തിയത്. ഇവരുടെ മൂന്ന് സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കണമെന്ന് പറഞ്ഞു. അക്കൗണ്ടിൽ 21.5 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രൻ വിവരം ചോദിച്ചപ്പോൾ മക്കൾക്ക് കൊടുക്കാനാണെന്നു പറഞ്ഞു. എഫ്ഡി പിൻവലിച്ച് അക്കൗണ്ടിൽ ഇട്ടു. തുടർന്ന് തുക ട്രാൻസ്ഫർ ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു.

തുക മാറാൻ അവർ കാണിച്ച അക്കൗണ്ട് പ്രൈവറ്റ് കമ്പനിയുടെ പേരിലായിരുന്നു. അപ്പോഴാണ് ഉദ്യോഗസ്ഥന് സംശയം തോന്നിയത്. ഈ സമയത്തെല്ലാം ഇവരുടെ ഫോണിലേക്ക് ഡിജിറ്റൽ അറസ്റ്റ് നടത്തിയവർ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടായിരുന്നു. ഫോണിൽ വന്ന സന്ദേശം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ഇവർ വിസമ്മതിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ 15മിനിട്ടിന് ശേഷം കാണിച്ചു. അപ്പോൾ സുപ്രീം കോർട്ട് ഓഫ് ഇന്ത്യ എന്ന് മുകളിൽ എഴുതിയിരിക്കുന്നതു കണ്ടതോടെ തട്ടിപ്പാണെന്നു മനസ്സിലായി. തുടർന്ന് ഇവരുടെ ഫോൺ വാങ്ങി വിളിച്ച നമ്പർ ബ്ലോക്ക് ആക്കി. ഇത്രയും സമയം ഇവർ കഠിനമായ സമ്മർദത്തിലായിരുന്നുവെന്നും ബാങ്ക് ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രനും ബ്രാഞ്ച് മാനേജർ ഡെൽന ഡിക്സണും  പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമാണ് ഇവരുടെ പണം നഷ്ടപ്പെടാതിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe