ട്രെയിൻ വിവരങ്ങള്‍ അറിയാൻ ക്യൂആര്‍ കോഡ് സ്കാനിംഗ് വരുന്നു

news image
Nov 5, 2025, 6:09 am GMT+0000 payyolionline.in

റെയില്‍വേ സ്റ്റേഷനുകളില്‍ പല യാത്രകാരെയും വലയ്ക്കുന്നൊരു പ്രശ്നമാണ് യാത്രാവിവരങ്ങള്‍ അറിയാൻ അന്വേഷണ കൗണ്ടറിന് മുന്നിലെ നീണ്ട ക്യൂവില്‍ കാത്തു നില്‍ക്കുക എന്നത്.

ഈ പ്രശ്നത്തിന് പരിഹാരവുമായി ഇപ്പോള്‍ റെയില്‍വേ എത്തിയിരിക്കുകയാണ്. ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാർക്ക് കൃത്യമായി അറിയുന്നതിന് ക്യൂആർ കോഡ് സംവിധാനം റെയില്‍വേ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.

റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ട്രെയിനുകളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യുക വഴി സാധിക്കും. ഇതുവഴി അന്വേഷണ കൗണ്ടറുകളിലെ തിരക്കുകളും ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം നോർത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ ഏർപ്പെടുത്തി കഴിഞ്ഞു. ഛാത്ത് ഉത്സവവുമായി ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂആർ കോഡ് സംവിധാനം പരീക്ഷിച്ച്‌ തുടങ്ങിയത്. ഇത് രാജ്യവ്യാപകമായി ഏർപ്പെടുത്താൻ റെയില്‍വേ മന്ത്രാലയം നടപടികള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു.

അടുത്ത നാല് മണിക്കൂറിനുള്ളില്‍ ഓടുന്ന ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് ലഭ്യമാകും. യാത്രികരുടെ സൗകര്യം കണക്കിലെടുത്ത് സ്റ്റേഷനുകളിലെ ഹോള്‍ഡിംഗ് ഏരിയകള്‍, പ്രധാന കവാടങ്ങള്‍, ടിക്കറ്റ് കൗണ്ടറുകള്‍, സ്റ്റേഷൻ പരിസരത്തെ മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ക്യൂആർ കോഡുകള്‍ ഏർപ്പെടുത്തുന്നത്. അതത് സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഈ സംവിധാനം വഴി ലഭിക്കുക.

ഉത്സവ സീസണുകളിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് യാത്രക്കാരുടെ സൗകര്യാർഥം പ്രധാന സ്റ്റേഷനുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്താനും റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ട്രെയിൻ വിവരങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്ന ഡിസ്പ്ലേ ബോർഡുകള്‍, മൊബൈല്‍ ചാർജിംഗ് പോയിൻറുകള്‍, എയർ കൂളറുകള്‍, ഫാനുകള്‍, ശുദ്ധീകരിച്ച കുടിവെള്ളം, ഹെല്‍പ്പ് ബൂത്തുകള്‍, മൊബൈല്‍ യുടിഎസ് ആപ്പ് , റെയില്‍വേ ഉദ്യോഗസ്ഥർക്കുള്ള ഇരിപ്പിട ക്രമീകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

യാത്രക്കാർക്ക് സഹായവും നിർദേശവും നല്‍കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും ഹെല്‍പ്പ് ബൂത്തുകള്‍. ഇവിടെ ജീവനക്കാരുടെ പൂർണ സമയം ഉറപ്പാക്കാൻ റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളുടെയും മേധാവികള്‍ക്ക് പ്രത്യേക നിർദേശവും നല്‍കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe