വടകര: ആയഞ്ചേരി മുക്കടത്തുംവയലിൽ മർദനമേറ്റ് ചികിത്സയിലിരിക്കെ, മധ്യവയസ്കൻ മരിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. കുനീമ്മൽ രാജീവൻ (55) മരിച്ച കേസിൽ ആയഞ്ചേരി തറോപ്പൊയിൽ തയ്യുള്ളതിൽ രാജീവനെ (55)യാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19ന് രാത്രി ആയഞ്ചേരി പോക്ലാറത്തുതാഴെ വെച്ചാണ് രാജീവന് മർദനമേറ്റത്.
പരിക്കേറ്റ് ചികിത്സയിലിരിക്കെ, 20ന് ഉച്ചയോടെ രാജീവന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വരുന്നതിനിടെ, കരിപ്പൂർ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജീവന്റെ മരണം മർദനത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരികയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തിരുന്നു. വടകര ഡിവൈ.എസ്.പിയുടെ ചുമതലയുള്ള കൺട്രോൾ റൂം ഡിവൈ.എസ്.പി രമേശന്റെ നേതൃത്വത്തിൽ എ.എസ്.ഐ എ.കെ. ഷിനു, എ.എസ്.ഐ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
