വിശാഖപട്ടണം: മോൻത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. നൂറോളം ട്രെയിനുകൾ റദ്ദാക്കിയെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. റദ്ദാക്കിയവയിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമല്ല എക്സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് റായ്പൂർ വഴി തിരിച്ചുവിട്ടു.
റെഡ് അലർട്ട്, വിമാനങ്ങളും റദ്ദാക്കി
വിമാന സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും എല്ലാ സർവീസുകളും റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ നിലവിലെ നിലവിലെ സമയക്രമം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടയ്ക്ക് സമീപം മോൻച ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 90-100 കിലോമീറ്റർ വരെ എത്താനും 110 കിലോമീറ്റർ വരെ ആകാനും സാധ്യതയുണ്ട്.
കിഴക്കൻ പടിഞ്ഞാറൻ ഗോദാവരി, കോനസീമ, വിശാഖപട്ടണം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വൈദ്യുതിയും ജലവിതരണവും തടസ്സമില്ലാതെ ഉറപ്പാക്കാനും ദുരിതാശ്വാസ കേന്ദ്രങ്ങളും മെഡിക്കൽ യൂണിറ്റുകളും സജ്ജമാക്കാനും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ വീടിനുള്ളിൽ കഴിയാനും നിർദേശിച്ചു.
സ്കൂളുകൾക്ക് അവധി
ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. കക്കിനഡ, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളിൽ ഒക്ടോബർ 31 വരെ സ്കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്കൂളുകൾക്ക് അവധിയാണ്. മൽക്കൻഗിരി, കോരാപുട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലഹണ്ടി, നബരംഗ്പൂർ ജില്ലകളിലാണ് അവധി. ചെന്നൈ അടക്കം തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അടുത്ത 36 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ആന്ധ്ര, ഒഡിഷ, തമിഴ്നാട് ഭരണകൂടങ്ങൾ അറിയിച്ചു.
