കൊച്ചി: തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത. എറണാകുളത്ത് അഭ്യസ്ത വിദ്യര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ‘വിജ്ഞാന കേരള’ത്തിന്റെ ഭാഗമായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ആണ് തൊഴില്‍ മേള നടക്കാന്‍ പോകുന്നത്. നൂറിലേറെ സ്വകാര്യ സ്ഥാപനങ്ങളാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നത്.
5000 ത്തിലേറെ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ബയോഡാറ്റയുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ആവശ്യമായ കോപ്പികള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് രജിസ്ട്രേഷന് ആരംഭിക്കുക. https://kochimegajobfair എന്ന വെബ്സൈറ്റ് വഴിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൊച്ചി കോര്പ്പറേഷന്, കുടുംബശ്രീ, തദ്ദേശ വകുപ്പ്, വിജ്ഞാന കേരളം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു / വി എച്ച് എസ് ഇ, ബിരുദം, ബിരുദാനന്തര ബിരുദം, ഐ ടി ഐ, പോളി ടെക്നിക് സാങ്കേതിക യോഗ്യതകള്‍, മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സ് പാസായവര്‍ എന്നി യോഗ്യതകള്‍ ഉള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം.
ഐ ടി, ഹെല്‍ത്ത് കെയര്‍, ഫിനാന്‍സ്, എഞ്ചിനിയറിംഗ്, റീട്ടെയില്‍ തുടങ്ങി ചെറുകിട വ്യവസായ യൂണിറ്റുകള്‍ മുതല്‍ 100 ഓളം കമ്പനികളും ഇന്‍ഫോസിസ്, വിപ്രോ, ടി സി എസ്, ടെക് മഹീന്ദ്ര എന്നീ ഭീമന്മാരും തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. സ്പോട്ട് ഇന്റര്‍വ്യൂ, വാക്ക് ഇന്‍ സെലക്ഷന്, പ്ളേസ്മെന്റ് അവസരങ്ങള്‍ എന്നിവ തൊഴില്‍ മേള വാഗ്ദാനം ചെയ്യുന്നു. സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും വലിയ അവസരമാണ് ഇതിലൂടെ തുറന്നിടുന്നത്.
പുറത്തു നിന്നെത്തുന്ന സംരംഭകര്‍ക്ക് നാട്ടില്‍ തന്നെയുള്ള സ്ത്രീകളുള്‍പ്പടെയുള്ള സ്കില്‍ഡ്, അണ് സ്കില്‍ഡ് ജോലിക്കാരെ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. നഗര പരിധിയിലെ പ്രായ, ലിംഗ ഭേദമെന്യേ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതകളോ തൊഴില്‍ പരിചയമോ പരിഗണിക്കാതെ തന്നെ ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റാ ബാങ്കും ഇതിലൂടെ കോര്പ്പറേഷന് തയ്യാറാക്കുന്നു.
സംരംഭങ്ങള്‍ക്ക് തുടങ്ങാന്‍ ജീവനക്കാരെ ആവശ്യമുള്ളവര്‍ക്ക് നഗരസഭയെ സമീപിച്ച് തൊഴിലന്വേഷകര്‍ക്കും തൊഴില്ദായകര്ക്കുമിടയില് പാലമായി പ്രവര്‍ത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിശദവിവരങ്ങള്‍ക്ക് https://kochimegajobfair എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
