കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് കുപ്പി വഴി ഒന്നരക്കോടിയിലേറെ അധികവരുമാനം

news image
Oct 13, 2025, 9:21 am GMT+0000 payyolionline.in

തിരുവനന്തപുരം :  പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികം ചുമത്തിയ വകയില്‍ കോളടിച്ചു ബവ്കോ. രണ്ടു ജില്ലകളില്‍നിന്നു മാത്രം ബവ്‌കോയ്ക്ക് ഒറ്റമാസത്തിനുള്ളില്‍ വരുമാനം കിട്ടിയത് ഒന്നരക്കോടിയിലേറെ രൂപയാണ്. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കിയപ്പോഴാണ് മദ്യപന്മാരില്‍നിന്ന് ഇത്രത്തോളം രൂപ ബവ്‌കോയ്ക്കു കിട്ടിയത്. പകുതിയോളം കുപ്പികള്‍ മാത്രമാണ് തിരിച്ചെത്തിയത്.രണ്ടു ജില്ലകളിലെയും 20 ബവ്‌കോ ഔട്ട്‌ലറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. സെപ്റ്റംബര്‍ 10 മുതല്‍ ഒക്‌ടോബര്‍ 9 വരെ 15,25,584 പ്ലാസ്റ്റിക് ബോട്ടിലുകളാണ് 20 ഔട്ട്‌ലറ്റുകളിലൂടെ വിറ്റഴിച്ചത്. ഇതില്‍ 7,66,604 ബോട്ടിലുകള്‍ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കി 7,58,980 കുപ്പികള്‍ക്ക് അധികം ഈടാക്കിയ 20 രൂപ ബവ്‌കോയ്ക്കു സ്വന്തം. കുറച്ചു കുപ്പികള്‍ കൂടി തിരിച്ചെത്തിയാക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടു ജില്ലകളില്‍ മാത്രം ഒറ്റ മാസം കൊണ്ട് ഒന്നരക്കോടിയിലേറെ രൂപ അധികം ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമ്പോള്‍ എത്ര കോടിയോളം രൂപയാകും പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ പേരില്‍ ഈടാക്കുകയെന്നാണ് മദ്യപന്മാരുടെ ആശങ്ക. ബാലരാമപുരം മുക്കോല ഔട്ട്‌ലറ്റിലാണ് ഏറ്റവും കൂടുതല്‍ കുപ്പികള്‍ തിരിച്ചെത്തിയത്. 91794 കുപ്പികള്‍ വിറ്റതില്‍ 59067 എണ്ണം തിരിച്ചെത്തി. കണ്ണൂര്‍ പണപ്പുഴയില്‍ 67,896 കുപ്പികള്‍ വിറ്റതില്‍ 21,007 എണ്ണം മാത്രമാണ് തിരിച്ചെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe