‘കേരളാ തീരത്തെ കുഞ്ഞൻ മത്തി പിടിക്കരുത്’, മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദേശം; മുന്നറിയിപ്പുമായി സിഎംഎഫ്ആർഐ

news image
Oct 13, 2025, 6:09 am GMT+0000 payyolionline.in

കൊച്ചി: കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ. കേരളാ തീരത്തെ ചെറുമത്തികളെ പിടിക്കരുതെന്നാണ് നിയന്ത്രണം. മത്തി ഇനി അധികം വളരില്ലെന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച സിഎംഎഫ്ആർഐ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ഭാവിക്ക് കുഞ്ഞുമീനുകളെ പിടിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.

 

ചെറുമത്തികളുടെ പിടിക്കാവുന്ന നിയമപരമായ വലിപ്പം (എം എൽ എസ്) 10 സെ.മീറ്ററാണ്. ഇതിലും താഴെ നീളമുള്ള മത്തി കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണം. മഴയെ തുടർന്ന് കടലിൻ്റെ മേൽത്തട്ട് കൂടുതൽ ഉൽപാദനക്ഷമമായതാണ് കേരള തീരത്ത് മത്തി വൻതോതിൽ ലഭ്യമാകാൻ കാരണം. മത്തിയുടെ ലഭ്യതയും വളർച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയിൽ തകർച്ച നേരിടാതിരിക്കാൻ സുസ്ഥിരമായ മത്സ്യബന്ധന രീതികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ഇത് നിർണായകമാണെന്നും സിഎംഎഫ്ആർഐ ഗവേഷകർ ചൂണ്ടിക്കാട്ടി. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാൻ കാരണമാകുമെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ യു ഗംഗ പറഞ്ഞു.

എണ്ണത്തിൽ വർധനവുണ്ടായതോടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് മത്തിയുടെ വളർച്ചയെ ബാധിച്ചതായും സിഎംഎഫ്ആർഐയുടെ പഠനത്തിൽ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ ഈ പഠനം തെറ്റായാണ് വിലയിരുത്തപ്പെട്ടതെന്നും മത്തി ഇനി വളരില്ല എന്ന രീതിയിലെ വ്യാഖ്യാനം ശരിയല്ലെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് പറഞ്ഞു. തീരക്കടലുകൾ ഇപ്പോഴും ഉൽപ്പാദനക്ഷമമാണ്. ഇതിനാൽ ചെറുമത്തികൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താനാവണം. എംഎൽഎസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണെന്നും സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe