പയ്യോളി ബീച്ച് റോഡിലെ കടകളിൽ വെള്ളം കയറുന്നത് പതിവാകുന്നു; നഗരസഭ ഇടപെടണമെന്ന് വ്യാപാരികൾ – വീഡിയോ

news image
Oct 11, 2025, 11:18 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച സർവീസ് റോഡുകൾ ഉൾപ്പെടെയുള്ളവ ഉയർന്നതോടെ ബീച്ച് റോഡിലെ കടകളിലേക്ക് വെള്ളം കയറുന്നത് പതിവാകുന്നു. ഓരോ ശക്തമായ മഴയിലും മലിനജലം ഒഴുകി കടയ്ക്കുള്ളിൽ എത്തുന്നത് വ്യാപാരികൾക്ക് ദുരിതമാകുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇത് നിത്യ സംഭവമായിരുന്നു എങ്കിലും മഴ മാറി എന്ന ആശ്വാസത്തിൽ ആയിരുന്നു വ്യാപാരികൾ.

എന്നാൽ ഇന്നലെ രാത്രി മുതൽ പെയ്ത മഴയിൽ കനത്ത വെള്ളക്കെട്ടാണ് ബീച്ച് റോഡിലും സമീപത്ത് കടകളിലും രൂപപ്പെട്ടത്. ബീച്ച് റോഡിലെ ഡ്രൈനേജ് വഴി വെള്ളം ഒഴുകിപ്പോകാത്തതാണ് പ്രധാന തടസ്സം. ഇത്തവണ മെയ് മാസത്തിൽ മഴ നേരത്തെ എത്തിയത് കാരണം മഴക്കാലപൂർവ്വ ശുചീകരണം വേണ്ടത്ര നടന്നിരുന്നില്ല. എന്നാൽ മഴ മാറിയ അവസ്ഥയിലെങ്കിലും ഡ്രൈനേജുകൾ കൃത്യമായി പരിപാലിച്ചിരുന്നുവെങ്കിൽ ഈ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് വ്യാപാരികളുടെ അഭിപ്രായം.

നിലവിൽ വാഗാർഡിന്റെ സഹായത്തോടെ പലയിടത്തും വെള്ളം വഴി തിരിച്ചുവിടുന്നുണ്ടെങ്കിലും നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ ഈ ദുരിതത്തിന് ആര് പരിഹാരം ഉണ്ടാക്കുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഇതു സംബന്ധിച്ചു നിരവധി തവണ നഗരസഭയുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചെങ്കിലും പരിഹരിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡണ്ട് കെഎം ഷമീർ പറഞ്ഞു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe