കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വേട്ടേറ്റ സംഭവത്തിൽ കെ.ജി.എം.ഒ.എ (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു. സർക്കാർ ആശുപത്രികളിൽ രോഗീപരിചരണം ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ സേവനങ്ങളും പൂർണമായി നിർത്തിവെക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സുനിൽ, ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വേട്ടേറ്റ സംഭവത്തിൽ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. വന്ദന ദാസ് സംഭവത്തെ തുടർന്ന് ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ആശുപത്രികളെ പ്രത്യേക സുരക്ഷ മേഖലകളായി പ്രഖ്യാപിക്കുക, ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കുകയും അത്യാഹിത വിഭാഗങ്ങളിൽ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യുക, പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കുക, എല്ലാ ആശുപത്രികളിലും സി.സി.ടി.വി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ മുന്നോട്ടുവെച്ചു.