ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണായകം. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും മധുര ബഞ്ചും ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐ അന്വേഷണാവശ്യത്തെ സംസ്ഥാന സർക്കാർ അതിശക്തമായി എതിർക്കും. അതേസമയം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ഇന്ന് കരൂരിലെത്തും. ദുരന്തഭൂമി സന്ദശിക്കുന്ന സംഘം ഉച്ചയ്ക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള എംപിമാരായ കെ രാധാകൃഷ്ണും വി ശിവദാസനും സംഘത്തിലുണ്ടാകും.
അതേസമയം, കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരമെന്ന വിവരമാണ് ഇന്നലെ പുറത്ത് വന്നത്. സ്റ്റാലിൻ മയപ്പെടുത്തിയതോടെ, വിജയ് ആദ്യം തയ്യാറാക്കിയ വീഡിയോ പുറത്തുവിട്ടില്ലെന്ന വിവരവും പുറത്തുവന്നു. കരൂർ അപകടം അട്ടിമറിയെന്ന് ഉറച്ചുവിശ്വസിക്കുന്ന വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിക്കുന്ന വീഡിയോയാണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ സർക്കാരിന്റെ മൃദുസമീപനവും ആരെയും പഴിക്കാതെ സ്റ്റാലിൻ പുറത്തിറക്കിയ വീഡിയോയും ടിവികെയെ ആശയക്കുഴപ്പത്തിലാക്കി. തുടർന്ന് കടുത്ത വിമർശനങ്ങൾ നീക്കിയും സെന്തിൽ ബാലാജിയുടെ പേരെടുത്ത് പറയുന്ന ഭാഗങ്ങൾ ഒഴിവാക്കിയും പുതിയ വീഡിയോ ചിത്രീകരിച്ചുവെന്നാണ് വിവരം.
അതിനിടെ, വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. വിജയ്യെ കേസിൽ പ്രതിയാക്കാത്തത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ പി.എച്ച്.ദിനേശ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡന്റിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാലെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ജസ്റ്റിസ് സെന്തിൽ കുമാറിന്റെ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹർജിയും ബുസി ആനന്ദും നിർമൽകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ മുന്നിലെത്തുന്നതിനാൽ വിജയ്ക്കും ഡിഎംകെയ്ക്കും ഇന്ന് നിർണായകമാണ്.