പണം പോട്ടെ പ്രതാപം വരട്ടെ എന്ന് പറഞ്ഞ പോലെ, ഓവന് പോയി എയര്‍ഫ്രൈയര്‍ ആണ് ഇപ്പോള്‍ അടുക്കളകളിലെ താരം. ചിക്കന്‍ വേവിക്കാനും, മീന്‍ പൊരിക്കാനും എന്ന് വേണ്ട, ഇതില്‍ ചോറ് വരെ ഉണ്ടാക്കാനുള്ള വഴികള്‍ കണ്ടുപിടിച്ച വിരുതന്മാര് ഓണ്‍ലൈനില്‍ ഉണ്ട്! എണ്ണ കുറയ്ക്കാം, ഗ്യാസ് ലാഭിക്കാം എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങള്‍ക്കൊപ്പം, ക്യാന്‍സര്‍ ഉണ്ടാക്കും, കറന്റ് ബില്ല് കൂടും എന്നിങ്ങനെയുള്ള പല ‘അപവാദ’ങ്ങളും എയര്ഫ്രൈയറിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്.
നിങ്ങള്‍ ഒരു പുതിയ എയര്‍ഫ്രൈയര്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ? എങ്കില്‍ അതിനു മുന്‍പ് അറിയേണ്ട ഒരുപാടു കാര്യങ്ങളുണ്ട്.
എയർ ഫ്രൈയർ കൊണ്ട് ശരിക്കും എന്താണ് ലാഭം?
വറുത്തതും പൊരിച്ചതും ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത ആളാണോ നിങ്ങള്‍? വൈകുന്നേരം എന്തെങ്കിലും കറുമുറു പലഹാരം ഇല്ലാതെ ചായ ഇറങ്ങില്ലേ? എങ്കില്‍ നിങ്ങളാണ് മോനെ, ശരിക്കും ഇതുകൊണ്ട് ലാഭമുണ്ടാക്കാന്‍ പോകുന്നത്!
ഡീപ് ഫ്രൈ ചെയ്ത അതേ മൊരിഞ്ഞ രുചി, കുറഞ്ഞ എണ്ണയിൽ എയർ ഫ്രൈയറില്‍ ലഭിക്കുന്നു. പക്ഷേ, ലാഭം ഇവിടെ അവസാനിക്കുന്നില്ല.
സമോസ, കട്ലറ്റ് തുടങ്ങിയ വിഭവങ്ങളിൽ എണ്ണയുടെ അളവ് 70% മുതൽ 80% വരെ കുറയ്ക്കാൻ എയർ ഫ്രൈയർ സഹായിക്കും. എണ്ണയിൽ മുക്കി വറുക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ കാലറിയും കൊഴുപ്പും മാത്രമേ ഇതിലൂടെ ശരീരത്തിലെത്തൂ. വറുത്ത ഭക്ഷണം ഒഴിവാക്കാൻ കഴിയാത്തവർക്ക്, ആരോഗ്യത്തിന് വലിയ കോട്ടം വരുത്താതെ ആ ശീലം നിലനിർത്താൻ ഇത് അവസരം നൽകുന്നു.
ഡീപ് ഫ്രൈയിങ്ങിന് വേണ്ടി ലിറ്ററുകണക്കിന് എണ്ണ വാങ്ങേണ്ട ആവശ്യം വരുന്നില്ല. ഒരു കുപ്പി എണ്ണ വെറും സ്പ്രേ ആയി മാത്രം ഉപയോഗിക്കുന്നത് വഴി എണ്ണയുടെ ചിലവിൽ വലിയൊരു തുക ലാഭിക്കാൻ കഴിയും.
സാധാരണ ഓവനെപ്പോലെ ദീർഘനേരം പ്രീഹീറ്റ് ചെയ്യേണ്ട കാര്യമില്ല. എയർ ഫ്രൈയർ വളരെ വേഗത്തിൽ തന്നെ ചൂടാകുന്നതിനാൽ പാചകം വേഗത്തിൽ തുടങ്ങാം. അതേപോലെ, അടുപ്പിന് അടുത്ത് കാത്തുനിൽക്കാതെ, ടൈമർ സെറ്റ് ചെയ്ത് നിങ്ങളുടെ മറ്റ് ജോലികൾ തുടരാൻ സാധിക്കും.
പാത്രത്തിൽ എണ്ണ പിടിക്കുകയോ, അടുക്കളയിൽ എണ്ണമയം തെറിച്ചു വൃത്തികേടാവുകയോ ചെയ്യുന്ന പ്രശ്നമില്ല. എയർ ഫ്രൈയർ ബാസ്ക്കറ്റും പാനും എളുപ്പത്തിൽ കഴുകി വൃത്തിയാക്കാം.
അപ്പോള്‍ എയര്‍ഫ്രൈയറില്‍ എണ്ണ വേണ്ടേ?
അല്ല, അങ്ങനെയല്ല! എയർ ഫ്രൈയറിൽ എണ്ണ തീരെ വേണ്ട എന്ന ധാരണ തെറ്റാണ്. എണ്ണയില്ലാതെയും പാചകം ചെയ്യാം, പക്ഷേ പല വിഭവങ്ങൾക്കും നല്ല മൊരിവും രുചിയും ലഭിക്കണമെങ്കിൽ കുറഞ്ഞ അളവിൽ എണ്ണ ആവശ്യമാണ്. എന്നാല്‍, ഡീപ് ഫ്രൈയിംഗിന് വേണ്ടത്ര എണ്ണ തീർച്ചയായും വേണ്ട. മീൻ, ചിക്കൻ, കട്ട്ലറ്റ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ വിഭവങ്ങൾ തയാറാക്കുമ്പോൾ, അതിൻ്റെ പുറംഭാഗത്ത് മാത്രം ഒരു നേരിയ എണ്ണയുടെ ആവരണം നൽകണം.
എണ്ണയാണ് ഭക്ഷണത്തിന്റെ പുറംഭാഗം വേഗത്തിൽ മൊരിഞ്ഞ് വരാൻ സഹായിക്കുന്നത്. എണ്ണ തീരെ ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷണം “റബ്ബർ” പോലെയാവാനോ വരണ്ടു പോകാനോ സാധ്യതയുണ്ട്. അതേപോലെ, മസാല പുരട്ടിയ ഭക്ഷണങ്ങൾ ബാസ്ക്കറ്റിൽ ഒട്ടിപ്പിടിക്കാതിരിക്കാനും ഇത് സഹായിക്കും.
എയർ ഫ്രൈയർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
എയർ ഫ്രൈയർ തിരഞ്ഞെടുക്കുമ്പോൾ ആദ്യം അതിൻ്റെ ശേഷി അഥവാ കപ്പാസിറ്റി ശ്രദ്ധിക്കുക. ഒറ്റയ്ക്കുള്ളവർക്ക് 2–3 ലിറ്റർ മതിയാകും, എന്നാൽ 3-4 പേരുള്ള കുടുംബത്തിന് 4–5 ലിറ്ററും വലിയ കുടുംബങ്ങൾക്ക് 6 ലിറ്ററിന് മുകളിലുള്ള മോഡലുകളും തിരഞ്ഞെടുക്കാം. ബാസ്ക്കറ്റ് സ്റ്റൈൽ, കൂടുതൽ സൗകര്യങ്ങൾ ലഭിക്കാൻ ഓവൻ സ്റ്റൈൽ, അല്ലെങ്കിൽ ഒരേ സമയം രണ്ട് വിഭവങ്ങൾ പാചകം ചെയ്യാൻ ഡ്യുവൽ ബാസ്ക്കറ്റ് എന്നിവയിൽ നിന്ന് നിങ്ങളുടെ ആവശ്യം അനുസരിച്ചുള്ള തരം തിരഞ്ഞെടുക്കുക. ഡിജിറ്റൽ കൺട്രോളുകൾ, പ്രീസെറ്റ് പ്രോഗ്രാമുകൾ, ഷേക്ക് റിമൈൻഡർ തുടങ്ങിയ സവിശേഷതകൾ പാചകം എളുപ്പമാക്കും.
1200W മുതൽ 1800W വരെയുള്ള പവർ ആണ് സാധാരണ കുടുംബ ഉപയോഗത്തിന് ഏറ്റവും ഉചിതം. കൂടാതെ, വൃത്തിയാക്കാനുള്ള എളുപ്പത്തിനായി നോൺ സ്റ്റിക്ക് കോട്ടിങ്ങുള്ളതും ഡിഷ്വാഷർ സുരക്ഷിതവുമായ ഭാഗങ്ങളുണ്ടോ എന്നും, വിശ്വസ്ത ബ്രാൻഡാണോ എന്നും ഉറപ്പുവരുത്തുക.
എയർഫയറിന്റെ വൈദ്യുത ഉപയോഗം
സാധാരണയായി 800 മുതൽ 2000 വരെ വാട്ട്സുള്ള എയർഫയറുകൾ വിപണിയിലുണ്ട്. എത്ര സമയം ഉപയോഗിക്കുന്നു എന്ന് അനുസരിച്ചാണ്. കൂടുതൽ പാചക സമയം കൂടുതൽ ഊർജ്ജ ഉപഭോഗത്തിന് കാരണമാകും.എയർഫയറിന്റെ വൈദ്യുത ഉപയോഗം അളക്കാൻ ഈ ഫോർമുല ഉപയോഗിക്കാം.
ഊർജ്ജ ഉപഭോഗം (കിലോവാട്ട് അവർ=kWh) = [പവർ (kW) x സമയം (മണിക്കൂർ)] / 1000*
[*Wh (വാട്ട് അവർ) kWh-ലേക്ക് മാറ്റുന്നതിനായി, Wh-നെ 1000 കൊണ്ട് ഹരിക്കുക.]
ഈടാക്കുന്ന തുക കണക്കാക്കുന്നതിന്, നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ വൈദ്യുതി താരിഫ് അറിഞ്ഞിരിക്കണം. വൈദ്യുതി ഉപയോഗത്തിന് നിങ്ങളിൽ നിന്ന് ഈടാക്കുന്ന നിരക്കാണ് വൈദ്യുതി താരിഫ്. ഇത് പ്രദേശം, വൈദ്യുതി വിതരണക്കാരൻ, നിങ്ങൾക്കുള്ള താരിഫ് പ്ലാൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെടുന്നു. നിങ്ങളുടെ എയർ ഫ്രയർ പ്രവർത്തിപ്പിക്കുന്നതിനുള്ള കൃത്യമായ ചെലവ് കണക്കാക്കുന്നതിന്, നിങ്ങളുടെ വൈദ്യുതി ബിൽ പരിശോധിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്ത് ബാധകമായ കൃത്യമായ താരിഫ് നിരക്കുകൾ കണ്ടെത്താൻ നിങ്ങളുടെ വൈദ്യുതി വിതരണക്കാരനുമായി ബന്ധപ്പെടുകയോ ചെയ്യണം.