വേളാങ്കണ്ണി: കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ പോസ്റ്റർ ഒട്ടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വേളാങ്കണ്ണി സ്വദേശി ഭരദ് രാജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭരദ് രാജ് പോസ്റ്റർ ഒട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കരൂർ ദുരന്തത്തിൽ 41 പേരുടെ മരണത്തിന് കാരണക്കാരനായ വിജയ്യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഭരദ് രാജ് നാഗപട്ടണത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ ഒട്ടിച്ചത്. തമിഴ്നാട് സ്റ്റുഡൻ്റ്സ് യൂണിയൻ്റെ പേരിലായിരുന്നു പോസ്റ്ററുകൾ. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഡിഎംകെ നേതാവ് എഡിസന്റെ നിർദേശപ്രകാരമാണ് തങ്ങൾ ഇത് ചെയ്യുന്നതെന്നും വീഡിയോയിൽ ഒരു യുവാവ് പറയുന്നുണ്ട്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഭരദ് രാജിനെതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. പിന്നാലെയാണ് ഭരദ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭരദ് രാജ് ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ പൊലീസ് സംശയാസ്പദമായ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്