“ഒമ്പത് രാത്രികൾ” എന്നർഥം വരുന്ന നവരാത്രി ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി ആചരിക്കുന്ന ഒരു ഉത്സവമാണ്. ഇപ്പോള്‍ നവരാത്രി ആഘോഷമാണ്. ഇതിനോട് അനുബന്ധിച്ച് മിക്കവരും വ്രതം അനുഷ്ഠിക്കുകയാണ്. നോൺവെജ് ഒഴിവാക്കി വെജ് മാത്രമായിരിക്കും കഴിക്കുക. ഈ അവസരത്തിൽ യാത്ര ചെയ്യുന്നവർക്കായി സ്പെഷൽ മെനു അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. നവരാത്രിവാരത്തില്‍ യാത്ര ചെയ്യുന്നവർക്കായി സ്പെഷൽ ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 30 വരെ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും എയര്‍ഇന്ത്യ നവരാത്രി സ്പെഷൽ വിഭവങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വെജ് മാത്രം കഴിക്കുന്നവർക്ക് ഇത് ഏറെ ഉപകാരപ്പെടും. പുതിയ മെനുവിൽ സാബുദാന ഖിച്ച്ഡി, വ്രതവാലെ ഷാഹി ആലൂ, സിംഗാഡെ കി ബൂരി, സാബുദാന വട, മലായ് പനീര്‍ ടിക്ക, തലേ ആലൂ കി ചാട്ട് എന്നിവയടക്കം വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുമാത്രമല്ല, മധുരത്തിനായി പഴങ്ങള്‍, ഖട്ടാ മീഠയും ഫലാഹാരി ഖീറുമെല്ലാമുണ്ട്. ഓരോ വിഭവവും വ്രതാനുകൂല ചേരുവകള്‍ ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നത്. നവരാത്രി വ്രതം നോക്കുന്ന യാത്രകാർക്ക് ഭക്ഷണത്തിലെ മാറ്റം ഈ അവസരത്തില്‍ ഏറെ പ്രയോജനകരമാണ്. ഇത് ഉത്സവകാല ഡൈനിങ് അനുഭവം നൽകുന്നു. വ്രതം നോക്കാത്ത മറ്റു യാത്രികർക്കും നവരാത്രിയുടെ തനതായ രുചികള്‍ ആസ്വദിക്കാം.