ഭൂട്ടാന് വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡൽഹിയും കേരളവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാർക്കായി അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്.
ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. ഭൂട്ടാനിൽനിന്ന് ഇറക്കുമതിചെയ്ത ഇയാളുടെ ലാൻഡ് റോവർ കാർ പിടിച്ചെടുത്തിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലും വാഹനത്തിന്റെ കൂടുതൽ രേഖകൾ തേടിയുമാണ് ഇയാളെ വീണ്ടും വിളിപ്പിക്കുന്നത്.
അനധികൃതമായി വാഹനം കടത്താൻ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡൽഹിയിലെ സംഘം വഴി കേരളത്തിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തിച്ചിട്ടുണ്ടോ, സംസ്ഥാനത്ത് ഇവരുടെ ഇടനിലക്കാരുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ മാഹിയിൽ നിന്ന് ചോദിച്ചറിയും.
200 വാഹനങ്ങൾ നികുതിവെട്ടിച്ച് എത്തിയെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഇതിൽ 39 വാഹനങ്ങൾ മാത്രമാണ് ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കണ്ടെത്തിയത്.