ടെലിഗ്രാം ആപ്പ് വഴി ‘ടാസ്ക് നൽകി’ തട്ടിപ്പ്; 32 ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

news image
Sep 27, 2025, 1:47 pm GMT+0000 payyolionline.in

കോഴിക്കോട്: ഓൺലൈൻ വഴി പാർട്ട്ടൈം ജോലിക്കെന്ന് വിശ്വസിപ്പിച്ച് വൻതുക തട്ടിയ കേസിൽ മടവൂർ മുട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ. മണ്ണാറത്ത് ഉമ്മറിന്റെ മകൻ അബ്ദുൽ ഫത്താഹി(21)നെയാണ് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്. വ്യാജ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ടെലിഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള നിർദ്ദേശങ്ങളനുസരിച്ച് ഡെയിലി ടാസ്ക് ചെയ്യുന്നതിനായി പണം നിക്ഷേപിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. പല തവണയായി 32 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് 2023-ൽ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.ആരോഗ്യ ഇൻഷുറൻസ്

ടെലിഗ്രാം അക്കൗണ്ടിൽ നിന്നുള്ള നിർദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരി പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഇതിൽ നിന്ന് 4.5 ലക്ഷത്തോളം രൂപ മുംബൈയിലുള്ള ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തി. അന്നുതന്നെ ആ തുക ഉൾപ്പെടെ 12.5 ലക്ഷത്തോളം രൂപ നാലു ഇടപാടുകളിലായി കുന്ദമംഗലത്തുള്ള സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിലേക്ക് വന്നു. അതേദിവസം തന്നെ ആ തുകയിൽ വലിയൊരു ഭാഗം ചെക്ക് മുഖേന പിൻവലിച്ചു. ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ അക്കൗണ്ട് ഉടമയിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.

ടാസ്കുകൾ പൂർത്തിയാക്കിയതിനു ശേഷം വാഗ്ദാനം ചെയ്ത തുകയോ നിക്ഷേപിച്ച തുകയോ തിരികെ നല്‍കാതെ ഓണ്‍ലൈന്‍ വഴി ചതിയിലൂടെ പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിൻ്റെ രീതി. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി. കമ്മീഷണർ ജി. ബാലചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. ഇൻസ്‌പെക്ടർ കെ.കെ ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe