വൈക്കം: വിദേശത്ത് ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്തശേഷം തിരിച്ചടക്കാതെ രാജ്യം വിട്ട സംഭവത്തിൽ ബാങ്ക് അധികൃതരുടെ പരാതിയിൽ വൈക്കത്ത് യുവതിയടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വൈക്കം പടിഞ്ഞാറേക്കര സ്വദേശിനി ജിഷ – 86.65 ലക്ഷം, കീഴൂർ സ്വദേശി റോബി മാത്യു -63 ലക്ഷം, തലയോലപ്പറമ്പ് സ്വദേശി പ്രിയദർശൻ – 1.20 കോടി, ഉഴവൂർ സ്വദേശി സി. ജോമോൻ ഫിലിപ്പ്- 73.17 ലക്ഷം, കൊങ്ങാണ്ടൂർ ടോണി പുവേലിയിൽ – 81 ലക്ഷം, ഉഴവൂർ സ്വദേശി ജോജോ മാത്യു- 86.45, ഉഴവൂർ സ്വദേശിനി സുമിത മേരി – 61.90 ലക്ഷം, കടുത്തുരുത്തി സ്വദേശി റെജിമോൻ – 80 ലക്ഷം എന്നിവരാണ് കുവൈത്തിലെ അൽ അഹ്ലി ബാങ്കിൽനിന്ന് വായ്പയെടുത്തത്.
തുക തിരിച്ചടക്കാതെ വന്നപ്പോൾ ബാങ്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വൈക്കം സ്വദേശിനിക്കും തലയോലപ്പറമ്പ് വെള്ളൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെയുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. നാലുവർഷം മുമ്പ് കുവൈത്തിലെ ബാങ്കിൽ നിന്ന് ലോൺ എടുത്ത ശേഷം തിരിച്ചടക്കാതെയും ബാങ്കിനെ അറിയിക്കാതെയും ഇവർ രാജ്യം വിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുവൈത്തിൽനിന്ന് മുങ്ങിയ ഇവർ മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നതായാണ് അറിയുന്നത്.