വടകരയിൽ കാറിൽ അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി പൊലീസും നാട്ടുകാരും. വടകര തിരുവള്ളൂർ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കാർ ഡോറിന്റെ ചില്ല് തകർത്താണ് യുവാവിനെ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വടകര മടപ്പള്ളി സ്വദേശി സതീഷിനെ അബോധാവസ്ഥയിൽ കാറിനുള്ളിൽ കണ്ടത്.
പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിന് നടുവിലായാണ് വാഹനം ഉണ്ടായിരുന്നത്. ഇതുവഴി വന്ന മറ്റൊരു വാഹനത്തിന് പോകാൻ സാധിക്കാതെ വന്നത്തോടെ ഹോൺ മുഴക്കി. പ്രതികരണം ഒന്നും ലഭിക്കാതായതോടെ വന്നു നോക്കിയപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ യുവാവിനെ കണ്ടത്.
പുറത്തു നിന്നും ഡോറിന്റെ ഗ്ലാസിൽ മുട്ടിയെങ്കിലും, അനക്കം ഉണ്ടായില്ല. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഡോറിന്റെ ചില്ല് തകർത്ത് യുവാവിനെ പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശേഷം കൂടുതൽ ചികിത്സയ്ക്കായി വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വാഹനം ഓടിക്കുന്നതിനിടെ സതീഷിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും അബോധാവസ്ഥയിൽ ആവുകയുമായിരുന്നു.