പേരാമ്പ്ര: പെരുവണ്ണാമൂഴി വനം റേഞ്ചിലെ മുതുകാട് ഭാഗത്ത് ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ട പ്രവർത്തനം രണ്ട് വർഷത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. സ്ഥലം എം.എൽ.എ ടി.പി. രാമകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനും അതിലേക്കായി ഫണ്ട് വിനിയോഗിക്കുന്നതിനും തത്ത്വത്തിൽ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനായി ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായുളള ജയ്ൻ ആൻഡ് അസോസിയേറ്റ്സ് എന്ന കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ലഭ്യമായിട്ടുണ്ട്. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ കോഴിക്കോട് ഡിവിഷന്റെ വർക്കിങ് പ്ലാനിൽ ഉൾപ്പെടുത്തി പുതുക്കിയ വർക്കിങ് പ്ലാനിന്റെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ബയോളജിക്കൽ പാർക്കിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാവശ്യമായ അനുമതി, ദേശീയ വന്യജീവി ബോർഡിൽ നിന്നും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. പാർക്കിനോട് അനുബന്ധിച്ച് ആനിമൽ ഹോസ്പൈസ് സെന്ററിന് 1.68 കോടി രൂപയും ബയോളജിക്കൽ പാർക്കിന് അഞ്ചുകോടി രൂപയും ബജറ്റിൽ വകയിരുത്തിയതായും മറുപടിയിൽ പറയുന്നു. ആദ്യ ബിറ്റില്പ്പെടുന്ന ഘടകങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍, ബയോ റിസോഴ്സ് പാര്‍ക്ക്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ് സൗകര്യം, ലഘു ഭക്ഷണശാല, ടോയ്ലറ്റ് ബ്ലോക്ക്, ഓഫിസ്, താമസ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.