ഇനി മുതൽ ആധാർ കാർഡിൽ തിരുത്തലുകളോ മാറ്റങ്ങളോ വരുത്തുന്നതിന് ചെലവേറും. രണ്ടുഘട്ടങ്ങളിലായാണ് സേവനങ്ങൾക്കുള്ള തുക വർധിപ്പിക്കുക എന്നാണ് വിവരം. ആധാറിലെ പേര്, വിലാസം, ജനിച്ച തീയതി, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം എന്നിവ പുതുക്കൽ, തിരുത്തൽ പ്രക്രിയകൾക്കാണ് ചെലവ് കൂടുക. നിലവിൽ 50 രൂപയുള്ള സേവനങ്ങൾക്ക് ഒക്ടോബർ ഒന്ന് മുതൽ 5 ആയും 100 രൂപയുള്ളത് 125 ആയുമാണ് വർധിക്കുക.
രണ്ടാം ഘട്ടത്തിൽ ഈ വർധിച്ച നിരക്കിലാണ് പിന്നെയും വർധനവ് ഏർപ്പെടുത്തുക. 2028 സെപ്റ്റംബർ 30 വരെയാണ് ഒന്നാം ഘട്ടനിരക്കിന്റെ കാലാവധി. തുടർന്ന് 2028 ഒക്ടോബർ ഒന്നുമുതൽ വീണ്ടും നിരക്ക് വർധിക്കും. 75 രൂപ നിരക്ക് 90 ആയും 125 രൂപ നിരക്ക് 150 ആയുമാണ് കൂടുക. 2031 സെപ്റ്റംബർ 30 വരെയാണ് ഈ നിരക്ക് വർധനവിന്റെ കാലാവധി.ആധാർ അതോറിറ്റിയുടെ പോർട്ടലിലൂടെ പൊതുജനങ്ങൾ നേരിട്ടു തേടുന്ന സേവനങ്ങളുടെ നിരക്കും 50 രൂപയിൽ നിന്നും 75 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം, ആധാർ പുതിയതായി എടുക്കുന്നവർക്ക് സേവനം സൗജന്യമാണ്. അഞ്ച് മുതൽ ഏഴ് വയസുവരെയും 15 മുതൽ 17 വയസുവരെയുമുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനും പണം നൽകേണ്ടതില്ല.