ജീവനെടുത്ത് അനധികൃത വൈദ്യുതിക്കെണികള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍, ഒരു വര്‍ഷത്തിനിടെ മരിച്ചത് 24 പേര്‍, പാലക്കാട് മാത്രം 10പേര്‍

news image
Sep 22, 2025, 7:54 am GMT+0000 payyolionline.in

പാലക്കാട്: സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ വെച്ച അനധികൃത വൈദ്യുതിക്കെണിയിൽ പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മരിച്ചത് 24 പേർ. ഇതിൽ 10 പേർ പാലക്കാട് ജില്ലയിൽ നിന്നാണെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. വനാതിർത്തിയോടു ചേർന്നുള്ള കൃഷിയിടങ്ങളിൽ വെക്കുന്ന വൈദ്യുത കെണികളാണ് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു പോലെ അപകടമാകുന്നത്. വന്യ മൃഗങ്ങളെ തുരത്താനും ചിലർ പന്നിയെ പിടിച്ച് ഇറച്ചി വിൽപന നടത്താനുമാണ് കെണി വെക്കുന്നത്. ഈ കെണിയിൽ അബദ്ധത്തിൽ കുടുങ്ങിയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ 24 പേർ സംസ്ഥാനത്ത് മരിച്ചത്. രാത്രിവെക്കുന്ന കെണി രാവിലെ ഊരിമാറ്റാൻ വൈകുമ്പോഴും മറക്കുമ്പോഴോ ആണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. പാലക്കാട് മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തുപേരാണ് മരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്താകെ 66 പേർ മരിച്ചു. 23 മൃഗങ്ങളും അപകടത്തിൽ പെട്ടതായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ചത്തതിൽ പന്നി , ആന എന്നിവയെ കൂടാതെ വളർത്തുമൃഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടര്‍ സുജീഷ് പറഞ്ഞു. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് കുറ്റവാളികൾ പലപ്പോഴും രക്ഷപ്പെടുന്നത്. വന്യമൃഗങ്ങളെ തുരത്താൻ വനം വകുപ്പ് സമഗ്രമായ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന പരാതി വ്യാപകമാണ്. വൈദ്യുതി മോഷ്ടിക്കുന്നവർക്കെതിരെ കെഎസ്ഇബിയുടെ ശക്തമായ നടപടി വേണമെന ആവശ്യവും ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe