കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് നോട്ടീസ്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് നിർദേശം. കേസില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുൻ മാനേജർ വിപിൻകുമാറിനെ നടൻ മർദിച്ചിട്ടില്ലെന്നും പിടിവലി മാത്രമേ നടന്നിട്ടുള്ളൂ എന്നുമാണ് പൊലീസ് കുറ്റപത്രം.
വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്റെ വാദം. തന്നെ കുറിച്ച് വിപിൻ മോശം കാര്യങ്ങൾ പറഞ്ഞുപരത്തുകയാണെന്നും അതെല്ലാം ഉൾക്കൊള്ളിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞതെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്കു തർക്കത്തിനിടെ അയാളുടെ കൂളിങ് ഗ്ലാസ് താൻ വലിച്ചെറിഞ്ഞു. അത് സത്യമാണ്. അയാളുടെ ദേഹത്ത് തൊട്ടിട്ടു പോലുമില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.
വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. നിരവധി നടിമാർ സിനിമ സംഘടനകൾക്ക് വിപിനെതിരെ പരാതി നൽകിയിട്ടുണ്ട്. വിപിൻ ഫെഫ്കയിൽ അംഗം പോലുമല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. മുൻ മാനേജറെ മർദിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഹരജി തീർപ്പാക്കിയത്.
ടൊവിനോയുടെ നരിവേട്ട എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മർദിച്ചുവെന്നായിരുന്നു വിപിന്റെ പരാതി. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡി.എൽ.എഫ് ഫ്ലാറ്റിൽ വെച്ച് മർദനമേറ്റെന്നാണ് മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞിരുന്നു.