കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ നേരിയ വിലയിടിവിന് പിന്നാലെയാണ് സ്വര്‍ണം വീണ്ടും മുകളിലേക്ക് കുതിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ രേഖപ്പെടുത്തിയ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആരോഗ്യകരമായ സ്പോട്ട് ഡിമാന്‍ഡും ഡോളറിന്റെ ബലഹീനതയും ആണ് സ്വര്‍ണത്തിന് ഇന്ന് വില കൂടാന്‍ കാരണം.
അതേസമയം രാജ്യത്ത് ദീപാവലി, ദസറ തുടങ്ങിയ ഉത്സവകാല സീസണിന് തുടക്കമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില അടിക്കടി ഉയരുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. മാത്രമല്ല വിവാഹ സീസണും ആണ്. അതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറിയിരിക്കുന്ന സമയമാണ് ഇത്. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന് വില അറിയാം.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 10190 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 10205 ല്‍ എത്തി. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇതോടെ ഇന്നലെ 81520 രൂപയായിരുന്ന പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 81640 രൂപയില്‍ എത്തി. സെപ്തംബര്‍ ഒമ്പതിനാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില ആദ്യമായി 80000 കടക്കുന്നത്.
അതിന് ശേഷം സ്വര്‍ണവില ക്രമാതീതമായി ഉയര്‍ന്നു. സെപ്തംബര്‍ 16 ന് ഒരു പവന് സ്വര്‍ണത്തിന് 82080 രൂപയായിരുന്നു വില. സ്വര്‍ണത്തിന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ എക്കാലത്തേയും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. പിന്നീട് കഴിഞ്ഞ രണ്ട് ദിവസവും വിലയില്‍ ഇടിവ് സംഭവിക്കുകയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. അതേസമയം വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വില വര്‍ധനവ് വലിയ തിരിച്ചടിയാണ്.