പയ്യന്നൂർ/തൃക്കരിപ്പൂർ: കാസർകോട് ചന്തേര സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഓൺലൈൻ ആപ് വഴി പരിചയപ്പെട്ട് പീഡനത്തിനിരയാക്കിയ സംഭവത്തിൽ പയ്യന്നൂർ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ഒളിവിൽപോയ പ്രതി തലശ്ശേരിയിൽ പിടിയിൽ.
കോഴിക്കോട് പേരാമ്പ്ര അക്കുപറമ്പ് സ്വദേശിയും പെരുമ്പയിലെ കണ്ണട വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനുമായ ആൽബിൻ പ്രജിത്ത് എന്നു വിളിക്കുന്ന എൻ.പി. പ്രജീഷിനെയാണ് (40) കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ പൊലീസ് തലശ്ശേരി നാരങ്ങാപ്പുറത്തുനിന്ന് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓൺലൈൻ ആപ് വഴി പരിചയപ്പെട്ട ചന്തേര സ്റ്റേഷൻ പരിധിയിലെ ആൺകുട്ടിയെ 2025 മാർച്ച് മാസത്തിൽ ഒരു ദിവസം കോത്തായി മുക്കിൽ പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
കേസിൽ ഇതോടെ 13 പേർ അറസ്റ്റിലായി. യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജ് ഉൾപ്പെടെ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ കോഴിക്കോട് സിറ്റിയിലെ അബ്ദുൽ മനാഫിനെ പിടികൂടിയിട്ടുണ്ട്. കുട്ടിയെ കഴിഞ്ഞ മാർച്ചിൽ കോഴിക്കോട്ടെ വാടക മുറിയിൽ വിളിച്ചുവരുത്തിയാണ് ഇയാൾ പീഡിപ്പിച്ചത്.
പോക്സോ കേസിൽ ബുധനാഴ്ച അറസ്റ്റിലായ പയ്യന്നൂർ കോറോം നോർത്തിലെ അലുമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്യുന്ന സി. ഗിരീഷിനെ (47) കോടതി റിമാൻഡ് ചെയ്തിരുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലായി നടന്ന പ്രകൃതിവിരുദ്ധ പീഡനത്തിൽ ഉന്നതർ ഉൾപ്പെടെ നിരവധിപേർ ഇനിയും കുടുങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന.