പയ്യോളി നഗരസഭാ സ്റ്റേഡിയം നിർമ്മാണ സാമഗ്രി സൂക്ഷിപ്പ് കേന്ദ്രമായി: വ്യാപക പ്രതിഷേധം- വീഡിയോ

news image
Sep 17, 2025, 12:46 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി നഗരസഭയുടെ കീഴിലുള്ള ഇ കെ നായനാർ മിനി സ്റ്റേഡിയം നിർമ്മാണ സാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രമായി മാറുന്നത് പതിവാകുന്നു. മഴ മാറി കളിസ്ഥലം ഉപയോഗപ്രദമായ സമയത്താണ് കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പുകൾ ഇറക്കി കളിസ്ഥലം കരാറുകാർ കയ്യേറിയത്. പൈപ്പിറക്കുന്ന സമയത്ത് തന്നെ നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നഗരസഭയുടെ അനുമതി ഉണ്ടെന്നാണ് കരാറുകാരുടെ വിശദീകരണം. പയ്യോളി നഗരസഭയുടെ കീഴിലുള്ള ഏക കളിസ്ഥലമാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് വേണ്ടി നശിപ്പിക്കപ്പെടുന്നത്.

പയ്യോളി നഗരസഭയുടെ കീഴിലുള്ള ഇ കെ നായനാർ മിനി സ്റ്റേഡിയം നിർമ്മാണ സാമഗ്രികൾ ഇറക്കിയ നിലയിൽ.

യുവതലമുറയെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാനായി കളിസ്ഥലങ്ങളിലേക്ക് ഇവരെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പയ്യോളി നഗരസഭയുടെ കളിസ്ഥലം പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. സാധനങ്ങൾ ഇറക്കാൻ വന്നതിനെ തുടർന്ന് ചെളിയിൽ കുളിച്ച നിലയിലാണ് ഇപ്പോൾ മുനിസിപ്പൽ സ്റ്റേഡിയം. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള ഇവിടെ എങ്ങനെ കളിക്കും എന്നാണ് കുട്ടികളുടെ ചോദ്യം. അതിരാവിലെയും രാത്രിയും വ്യായാമത്തിനായി ഗ്രൗണ്ടിൽ എത്തുന്നവരും ഇതുമൂലം പ്രയാസപ്പെടുകയാണ്.

മുൻപും ഇത്തരത്തിലുള്ള സിമന്റ് മിക്സിങ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ ഇവിടെ നടന്നപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. കളിസ്ഥലം സംരക്ഷിക്കാനായി പിന്നീട് ‘ചൊവ്വയൽ സംരക്ഷണ സമിതി’ രൂപീകരിച്ച് പ്രവർത്തിക്കുന്നതിനിടയാണ് ഇത്തരത്തിൽ വീണ്ടും ഗ്രൗണ്ട് കയ്യേറ്റം ഉണ്ടായത്. ഇതിനെതിരെ സംസ്ഥാന കായിക മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും ചൊവ്വയൽ സംരക്ഷണ സമിതി ചെയർമാൻ ശ്രീശൻ കിഴൂർ പറഞ്ഞു.

അതിനിടെ പയ്യോളി നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ ഗ്രൗണ്ട് വിട്ടു നൽകിയ നിലപാടിനെതിരെ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ വടക്കയിൽ ഷഫീക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe