അമീബിക് മസ്തിഷ്‍കജ്വരത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

news image
Sep 17, 2025, 5:35 am GMT+0000 payyolionline.in

തിരുവനന്തപുരം: അമീബിക് മസ്തിഷ്‍കജ്വരത്തിൽ പ്രതി​പക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. 12 മണിക്ക് ഇതുസംബന്ധിച്ച് ചർച്ച നടക്കും. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമായതിനാൽ അമീബിക് മസ്തിഷ്‍ക ജ്വരത്തിൽ ചർച്ചയാവാമെന്ന് ആരോഗ്യമന്ത്രി നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ സ്പീക്കർ ചർച്ചക്ക് അനുമതി നൽകുകയും ഉച്ചക്ക് ചർച്ച അനുവദിക്കുകയുമായിരുന്നു.

തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയിൽ അടിയന്തര പ്രമേയം ചർച്ചക്ക് വരികയാണ്. കഴിഞ്ഞ ദിവസം പൊലീസ് മർദനങ്ങളെ കുറിച്ചായിരുന്നു ചർച്ച. ഇന്നും ചർച്ചക്ക് അനുമതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പ്രതിപക്ഷം നിറംമങ്ങി​പ്പോയെന്ന് ഭരണപക്ഷം വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിൽ ഭരണപക്ഷത്തിന്റെ വിമർശനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മറുപടി നൽകിയത്.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?

സാധാരണ കാണപ്പെടുന്ന മസ്തിഷ്‌ക ജ്വരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ഗുരുതരവും മരണസാധ്യത കൂടുതലുള്ളതുമായ രോഗമാണ് പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌ക ജ്വരം. ജലാശയങ്ങളില്‍ കാണപ്പെടുന്ന നഗ്ലേറിയ ഫൗലേറി വിഭാഗത്തില്‍ പെടുന്ന അമീബയാണ് ഇതുണ്ടാക്കുന്നത്.

മൂക്കിലൂടെ തലച്ചോറില്‍ പ്രവേശിക്കുന്ന അമീബ തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും നീര്‍ക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അതിവേഗം ഗുരുതരമായി മസ്തിഷ്‌ക മരണം സംഭവിക്കുകയുമാണ് ചെയ്യുക. അക്കാന്തമീബ, ബലമോത്തിയ തുടങ്ങിയ അമീബകൾ ഉണ്ടാക്കുന്ന ഗ്രാന്വലോമാറ്റിസ് അമീബിക് മെനിഞ്ചൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌ക ജ്വരവും ഉണ്ട്. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസിന് അമീബ ശരീരത്തില്‍ പ്രവേശിച്ച് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍, ഗ്രാന്വലോ മാറ്റിസ് അമീബിക് മെനിഞ്ചൈറ്റിസിന് ആഴ്ചകൾക്കകമാണ് ലക്ഷണങ്ങള്‍ പ്രകടമാവുക.

പകരുന്നത് എങ്ങനെ?

അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെയാണ് രോഗാണു തലച്ചോറില്‍ പ്രവേശിക്കുന്നത്. മുങ്ങിയും ചാടിയും കുളിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദത്തില്‍ ജലാശയങ്ങളിലെ വെള്ളം മൂക്കിലൂടെ നെയ്‌സല്‍ മ്യൂകോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേര്‍ത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെ തലച്ചോറിലേക്കു കടക്കുന്നു. കുട്ടികളില്‍ ക്രിബ്രിഫോം പ്ലേറ്റ് വളരെ നേര്‍ത്തതും പൂര്‍ണമായും അടയാത്തതുമാവാം കൂടുതലും കുട്ടികളെ ബാധിക്കാന്‍ കാരണം. തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതുകൊണ്ട് നേരത്തെ ഇത് ബ്രെയിന്‍ ഈറ്റിങ് അമീബ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

ശക്തമായ പനി,തലവേദന, ഛര്‍ദി എന്നിവയാണ് ആദ്യം കണ്ടുതുടങ്ങുക. അധികം വൈകാതെ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ബോധക്ഷയം തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ലക്ഷണങ്ങള്‍ ഉണ്ടാവുന്നതും രോഗം മൂര്‍ച്ഛിക്കുന്നതും വളരെ പെട്ടന്നായിരിക്കും. ലക്ഷണങ്ങളുമായി എത്തുന്ന രോഗികളില്‍ സാധാരണ മസ്തിഷ്‌ക ജ്വരത്തിന് നടത്തുന്ന പരിശോധന മാത്രം നടത്തിയാല്‍ അമീബയെ കണ്ടെത്താന്‍ കഴിയില്ല.

നട്ടെല്ലിൽ നിന്നുള്ള സ്രവത്തിൽ വെറ്റ്മൗണ്ട് പരിശോധന നടത്തിയാലേ അമീബ സാന്നിധ്യം അറിയാന്‍ സാധിക്കുകയുള്ളു. സ്രവം പി.സി.ആര്‍ പരിശോധന നടത്തിയാണ് രോഗം പൂർണമായി സ്ഥിരീകരിക്കുന്നത്. പ്രാഥമിക ലക്ഷണങ്ങള്‍ ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസിന് സമാനമായിരിക്കും. ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാവുന്നത് കണ്ടാൽ രോഗി വെള്ളത്തില്‍ മുങ്ങിക്കുളിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നത് പ്രധാനമാണ്.

കേരളത്തില്‍ എന്നു മുതൽ കണ്ടുവരുന്നു?

2016ലാണ് കേരളത്തില്‍ ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.തുടര്‍ന്ന് വര്‍ഷത്തില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒന്നോ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഇതിനകം ഏഴ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. എന്തുകൊണ്ടാണ് ഈ വർധന എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ഉണ്ടാക്കുന്നത് ചൂട് ഇഷ്ടപ്പെടുന്ന അമീബയാണ്. ചൂട് 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുന്നത് ഇവയുടെ വളർച്ചക്ക് അനുകൂല സാഹചര്യമൊരുക്കും.

ആഗോളതാപനവും അതുകാരണം അമീബക്ക് കൂടുതല്‍ വ്യാപനം ഉണ്ടായതുമാവാം രോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് ഗവേഷകര്‍ പറയുന്നത്. ചൂടുകാലത്ത് കുളങ്ങളില്‍ നിറഞ്ഞ അമീബ മഴ പെയ്തപ്പോള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചതുമാവാം. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ആധികാരികമായി പറയുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. രാജ്യത്ത് കൊൽക്കത്തയില്‍ മാത്രമാണ് കേരളത്തിന് സമാനമായ രീതിയില്‍ ഈ വര്‍ഷം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്താണ് പ്രതിരോധ മാർഗം?

ആഴമില്ലാത്ത, ഒഴുക്കില്ലാത്ത വെള്ളത്തില്‍ ചാടിക്കുളിക്കുന്നതും മുങ്ങിക്കുളിക്കുന്നതും ഒഴിവാക്കണം. സ്വിമ്മിങ് പൂളുകള്‍ പ്രോട്ടോകോള്‍ അനുസരിച്ച് ക്ലോറിനേറ്റ് ചെയ്യുകയും കൃത്യമായ ഇടവേളകളില്‍ പരിശോധനക്ക് വിധേയമാക്കുകയും വേണം. ഗ്രാമങ്ങളിലെ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യുന്നത് നല്ലതാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും ചാടിക്കുളിക്കുന്നതും ഒഴിവാക്കുക. നീന്തുകയാണെങ്കില്‍ തല വെള്ളത്തിന് മുകളില്‍ വരത്തക്ക രീതിയില്‍ നീന്തുക. മുങ്ങിക്കുളിച്ചേ പറ്റു എന്നുണ്ടെങ്കില്‍ നോസ് ക്ലിപ്പ് ഉപയോഗിച്ച് മുങ്ങുക.

മുങ്ങിക്കുളിച്ചശേഷം 14 ദിവസത്തിനിടക്ക് ശക്തമായ തലവേദന, പനി, ഛര്‍ദി എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ ചികിത്സ തേടുക. അമീബ കലര്‍ന്ന വെള്ളം അറിയാതെ കുടിച്ചുപോയാൽ പോലും പ്രശ്‌നം ഉണ്ടാവില്ല. തലച്ചോറിൽ പ്രവേശിക്കുന്നതാണ് അപകടം വരുത്തുക. ശക്തമായ സമ്മര്‍ദത്തോടെ വെള്ളം മൂക്കിലേക്ക് കയറുമ്പോൾ മാത്രമാണ് അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. ഒഴുകുന്ന പുഴയില്‍ കുറവാണെങ്കിലും ആ പുഴയുടെ തന്നെ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്ത് അമീബയുടെ സാന്നിധ്യം ഉണ്ടാവാം. മലപ്പുറത്ത് മരണപ്പെട്ട കുട്ടി കുളിച്ചത് പുഴയില്‍ തടയണ നിര്‍മിച്ച ഭാഗത്തായിരുന്നു. അതിനാല്‍ അത്തരം ജലാശയങ്ങളും ശ്രദ്ധിക്കണം. കുട്ടികള്‍ നീന്തല്‍ പരിശീലിപ്പിക്കുന്നത് ക്ലോറിനേറ്റ് ചെയ്ത സ്വിമ്മിങ് പൂളുകളില്‍ ആവുന്നതാവും സുരക്ഷിതം.

എന്താണ് ചികിത്സാ മാർഗങ്ങൾ?

അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ആഗോളതലത്തില്‍ തന്നെ യു.എസിലെ സി.ഡി.സി(സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ) അനുശാസിക്കുന്ന ചികിത്സയാണ് നല്‍കുന്നത്. സാധാരണ മെനിഞ്ചൈറ്റിസിന് നല്‍കുന്ന മസ്തിഷ്ക സംരക്ഷണത്തിനുള്ള മരുന്നുകളുടെ കൂടെ ആംഫോടെറസിന്‍ ബി, ഫ്ലൂകോണസോള്‍, അസിത്രോ മൈസിന്‍, റിഫാംബസിന്‍, മിള്‍ട്ടിഫോസിന്‍ എന്നീ മരുന്നുകളാണ് ഉപയോഗിക്കുന്നത്. രോഗികൾ അപസ്മാരം, ബോധക്ഷയം അടക്കം ഗുരുതരാവസ്ഥയിൽ ആവുന്നതിനാൽ ഐ.സി.യു ,വെന്റിലേറ്റർ സപ്പോർട്ടും ആവശ്യം വന്നേക്കാം. നേരത്തെ ചികിത്സ ആരംഭിക്കുന്ന കുട്ടികളില്‍ മാത്രമാണ് മരുന്ന് ഗുണം ചെയ്യുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe