കാസർകോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ.സൈനുദ്ദീന സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയതിന് കേരള സിവിൽ സർവീസ് ചട്ട പ്രകാരമാണ് സസ്പെൻഷൻ എന്ന് പൊതുവിദ്യാഭ്യസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ചന്തേര പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 14പേരാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചത്. എ.ഇ.ഒയും ആർ.പി.എഫ് ഉദ്യോഗസ്ഥനും ഉൾപ്പെടെ ഏഴ് പേരാണ് ഇതിനകം അറസ്റ്റിലായത്.
ബേക്കൽ എ.ഇ.ഒ പടന്ന സ്വദേശി വി.കെ.സൈനുദ്ദീൻ(52), ആർ.പി.എഫ് ഉദ്യോഗസ്ഥനും ഫുട്ബാൾ പരിശീലകനുമായ പിലിക്കോട് എരവിലിലെ ചിത്രരാജ്(48), വെള്ളച്ചാലിലെ സുകേഷ് (30), വടക്കേകൊവ്വലിലെ റയീസ് (40), കരോളത്തെ അബ്ദുറഹിമാൻ ഹാജി(55), ചന്തേരയിലെ അഫ്സൽ (23), പടന്നക്കാട്ടെ റംസാൻ(40), ചീമേനി സ്വദേശി എം സുജിത്ത്, എം നാരായണൻ, പയ്യന്നൂർ കോറോത്ത് സ്വദേശി ഗിരീഷ് എന്നിവരാണ് പിടിയിലായത്.
ഇവരെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരുപ്രതി തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജുദ്ദീൻ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യം തേടിയതായി അറിയുന്നു.
പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മാതാവിന്റെ പരാതി. പ്രത്യേക പോലിസ് അന്വേഷണ സംഘമാണ് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയത്. ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 ഓളം പേർ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി ഓടുന്നത് കണ്ട് മാതാവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം ചൈൽഡ് ലൈനിലൂടെ പുറത്തെത്തിയത്. ഫോണിൽ പണമിടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ പ്രദേശങ്ങളിലുള്ളവരാണ് പ്രതികൾ. വിവിധ പോലിസ് സ്റ്റേഷനുകളിലായി പോക്സോ കേസുകൾ ആണ് റജിസ്ട്രർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പലപ്പോഴായി പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഉള്ളവരാണ് പ്രതികൾ. നീലേശ്വരം, ചീമേനി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വീതമാണ് പ്രതികൾ. കോഴിക്കോട് ജില്ലയിലെ പോലിസ് സ്റ്റേഷനിലേക്കും കേസ് മാറ്റിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നാല് സി.ഐമാരാണ് കേസ് അന്വേഷിക്കുന്നത്.
ബേക്കൽ എ ഇ ഒ, വി കെ സൈനുദ്ദീൻ, റെയിൽവേ ജീവനക്കാരൻ കെ. ചിത്രരാജ്, കാലിക്കടവ് സ്വദേശി എം സുകേഷ്, വടക്കേ കൊവ്വൽ സ്വദേശി പി റഹീസ്, എ കെ റംസാൻ, വി പി പി കുഞ്ഞഹമ്മദ്, ചന്തേര സ്വദേശി ടി. മുഹമ്മദ് അഫ്സൽ, ചീമേനി സ്വദേശി എം സുജിത്ത്, എം നാരായണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് മറ്റ് പ്രതികള്.