സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. അത്താഴക്കുന്ന് സ്വദേശി മജീഫിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡിയും മൊബൈൽ ഫോണും എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് അറസ്റ്റിലായിരുന്നു. അന്ന് രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാളായിരുന്നു മജീഫ്.
ഓഗസ്റ്റ് 24നാണ് ഇവർ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തെത്തി മതിലിനു മുകളിലൂടെ ഫോണും ബീഡിയും എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട ജയിൽ വാർഡൻന്മാരാണ് അക്ഷയെ പിടികൂടിയത്. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. എറിഞ്ഞുകൊടുക്കാൻ കൊണ്ടുവന്ന ലഹരിവസ്തുക്കളും മൊബൈൽ ഫോണും പിടികൂടിയിരുന്നു.
മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിനു 1000 മുതൽ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് അക്ഷയ് മൊഴി നൽകി. ജയിലിനു പുറത്തുള്ള ആളുകളാണ് ലഹരി വസ്തുക്കളും ഫോണും എറിഞ്ഞു നൽകാൻ ഏൽപ്പിക്കുന്നത്. ആർക്കാണ് എറിഞ്ഞു നൽകുന്നതെന്ന് അറിയാൻ സാധിക്കില്ലെന്നും അക്ഷയ് പറഞ്ഞു.സംഘത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.