മൂടാടി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ചിങ്ങപുരം സി.കെ. ജി മെമ്മോറിയൽ ഹൈസ്കൂളിൽ നടന്നു. ഏഴ് വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ബി.പി, ഷുഗർ, പരിശോധനയും ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ ഐഫൗണ്ടേഷൻ കോഴിക്കോട് നേതൃത്വം നൽകിയ നേത്രപരിശോധനയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായി.


സഹകരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സേവിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കെ.ജീവാനന്ദൻ , ഡോ.സാദ് മുഹമ്മദ്,ബാങ്ക് പ്രസിഡൻ്റ് വിജയരാഘവൻ, വാർഡ് മെമ്പർമാരായ വി.കെ. രവി , രജുല, ടി.കെ.ഭാസ്കരൻ, എന്നിവരും വി.വി സുരേഷ്, കെ.എം കുഞ്ഞിക്കണാരൻ, ചേനോത്ത് ഭാസ്കരൻ, എൻ ശ്രീധരൻ, സി.കെ അബുബക്കർ, കെ.പി ബിനേഷ് എന്നിവരും സംസാരിച്ചു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            