കാതില്‍ നിറയെ കമ്മലിടുന്നത് ഇന്നൊരു ഫേഷനാണ്. ആദ്യ കാലങ്ങളില്‍ സെക്കന്‍ഡ് സ്റ്റഡ് മാത്രം കുത്തിയിരുന്നവരാണ് കൂടുതലെങ്കില്‍ ഇന്ന് കണക്കില്ലാതെ കാതു നിറയെ കമ്മലാണ്. ചെവിയിലെ ഇയര്‍ലോബ് എന്നറിയപ്പെടുന്ന ഭാഗത്താണ് പൊതുവേ നാം കാതുകുത്താറ്.
എന്നാല്‍ കാതിന്റെ കാര്‍ട്ടിലേജ് ഭാഗത്ത് കാതുകുത്തുന്നത് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ് എന്നത് കനമേറിയ ഭാഗമാണ്. ഇവിടെ കാതുകുത്തുന്നത് ഏറെ വേദനയുണ്ടാക്കുന്നതാണെങ്കിലും അണുബാധ ഉണ്ടാവാനുള്ള സാധ്യതയും തന്മൂലം മുറിവ് ഉണങ്ങാത്ത അവസ്ഥക്കും കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. പലപ്പോഴും ഭയാനകമായ സ്റ്റേജായ കോളിഫ്ളവര്‍ ഇയര്‍ എന്ന അവസ്ഥ വരെ നിങ്ങള്‍ക്ക് ഇതുമൂലം പിടിപെടാനും സാധ്യതയുണ്ട്.
നീര്‍ക്കെട്ടോ, രക്തം കട്ടപിടിക്കുകയോ ചെയ്യുന്നതിലൂടെ ചെവി ചുരുങ്ങുന്ന അവസ്ഥയാണിത്. രക്തചക്രമണം നടക്കാതെ വരുന്നതോടെയാണ് നീര്ക്കെട്ടുള്ളതുപോലെ ചെവിമാറുന്നതും കോളിഫ്ളവറിന്റെ ആകൃതിയിലേക്ക് ചെവി മാറുന്നതും.
ഇതില്‍ നിന്നും രക്ഷനേടാന്‍ കാര്‍ട്ടിലേജില്‍ കാതുകുത്തുമ്പോള്‍ അണുബാധ വരാതെ നോക്കുക എന്നതു മാത്രമാണ് ഏക മാര്‍ഗം. കാതു കുത്തിയ മുറിവ് ഉണങ്ങാതെ കാണുകയാണെങ്കില്‍ ഉടനടി കമ്മല്‍ ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.