രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചില പാചക പാത്രങ്ങൾ വിൽപന നടത്തരുതെന്നും, ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി അമേരിക്കന്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). ഈ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവയിൽ നിന്ന് ഉയർന്ന അളവിൽ ഈയം ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
നിങ്ങൾ അലുമിനിയം പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഐഎസ്ഐ മാർക്കുള്ളവ വാങ്ങണം.
അലുമിനിയം, പിച്ചള, അതുപോലെ ഹിൻഡാലിയം/ ഇൻഡാലിയം എന്നീ പേരുകളിൽ അറിയപ്പെടുന്ന അലുമിനിയം അലോയ് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ചില പാത്രങ്ങൾ, അടുത്തിടെ FDA യും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് പരിശോധിച്ചിരുന്നു. ഈ പാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കുമ്പോൾ ഭക്ഷണത്തിൽ കാര്യമായ അളവിൽ ഈയം കലരുന്നതായി അവര്‍ കണ്ടെത്തി. ഈ ഭക്ഷണം കഴിക്കുന്നത് വഴി, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്നം ഉണ്ടാകുന്നത്.
അതിനാല്‍ കച്ചവടക്കാരും വിതരണക്കാരും, അവർ വിൽക്കുന്ന പാചക പാത്രങ്ങൾ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് എഫ് ഡി എ നിര്‍ദ്ദേശം നല്കി. ഇതിനായി എഫ് ഡി എയുടെ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈയം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള വിവിധ മാർഗങ്ങൾ ലഭ്യമാണ്. എഫ് ഡി എയുടെ ഈയം പരിശോധനാ പ്രോട്ടോകോൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ഇന്ത്യയില്‍ നിന്നുള്ള സരസ്വതി സ്ട്രിപ്സ് എന്ന കമ്പനിയുടെ ‘പ്യുവര്‍ അലൂമിനിയം യൂട്ടന്‍സില്‍സ് ടൈഗര്‍ വൈറ്റ്’ എന്ന കടായിയാണ് നിരോധിച്ചത്. ന്യൂയോര്‍ക്കിലെ മന്നാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ഇത് കിട്ടിയത്. എന്നാല്‍ ഇതിന്റെ വിതരണക്കാരനെ കണ്ടെത്താന്‍ ഇതുവരെ എഫ് ഡി എയ്ക്ക് സാധിച്ചിട്ടില്ല. അതിനാല്‍, ഈ ഉൽപ്പന്നം ഇപ്പോഴും കടകളിൽ വിൽപ്പനയിലുണ്ടാവാം. കച്ചവടക്കാർ ഇതിന്റെ വിൽപന നിർത്തുകയും ഉപഭോക്താക്കൾ ഇത് ഉപയോഗിക്കാതിരിക്കുകയും ചെയ്യണമെന്നും എഫ് ഡി എ അറിയിച്ചിട്ടുണ്ട്.
മനുഷ്യ ശരീരത്തിന് വളരെയധികം ദോഷമുണ്ടാക്കുന്ന ഒരു പദാർത്ഥമാണ് ഈയം. ഏത് പ്രായത്തിലുള്ള ആളുകളെയും ഇത് ബാധിക്കാം. ഈയത്തിന്റെ സുരക്ഷിതമായ അളവ് എത്രയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചില ആള്‍ക്കാരില്‍ ചെറിയ അളവിലുള്ള ഈയത്തിന്റെ സാന്നിധ്യം പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് കുട്ടികളിലും ഗർഭസ്ഥ ശിശുക്കളിലുമാണ് ഇത് ഏറ്റവും വലിയ പ്രശ്നമുണ്ടാക്കുന്നത്.
ചെറിയ അളവിൽ ഈയം ശരീരത്തിൽ എത്തിയാൽപോലും, കുട്ടികൾക്ക് ഇതിന്റെ വിഷാംശം കൂടുതൽ വേഗത്തിൽ ബാധിക്കും.പഠനശേഷി കുറയുക, ബുദ്ധിശക്തി കുറയുക, സ്വഭാവ മാറ്റങ്ങൾ എന്നിവയുണ്ടാകാം. കൂടിയ അളവിൽ ഈയം ശരീരത്തിൽ എത്തിയാൽ ക്ഷീണം, തലവേദന, വയറുവേദന, ഛർദ്ദി അല്ലെങ്കിൽ നാഡീ സംബന്ധമായ മാറ്റങ്ങൾ എന്നിവ അനുഭവപ്പെടാം.
അതിനാല്‍, അലുമിനിയം അലോയ് പാത്രങ്ങൾ വാങ്ങുമ്പോൾ ബ്രാൻഡ് വിവരങ്ങൾ ശ്രദ്ധാപൂർവം വായിക്കുക. സ്റ്റെയിൻലെസ് സ്റ്റീൽ, കാസ്റ്റ് അയൺ, ഐഎസ്ഐ മാർക്കുള്ള അലുമിനിയം പാത്രങ്ങൾ അല്ലെങ്കിൽ നല്ല നിലവാരമുള്ള സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ഈയം ഉള്ളില്‍ ചെന്നതുവഴി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.