എങ്ങനെയെങ്കിലും രക്ഷിക്കൂ, ഇന്ത്യൻ സർക്കാരിനോട് അപേക്ഷിച്ച് യുവതി; ‘അവർ വടികളുമായി പിന്നാലെയെത്തി, ഹോട്ടലിന് തീയിട്ടു’

news image
Sep 10, 2025, 12:07 pm GMT+0000 payyolionline.in

കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ കുടുങ്ങിയ വിനോദസഞ്ചാരികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നു. രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിരവധി പേരുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ വൈറലായ ഒരു വീഡിയോയിൽ, ഒരു ഇന്ത്യൻ യുവതിയാണ് തന്‍റെ ദുരനുഭവങ്ങൾ വിവരിക്കുന്നത്. പോഖറയിലെ തന്‍റെ ഹോട്ടൽ പ്രതിഷേധക്കാർ തീയിട്ടെന്നും, താൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും അവർ പറയുന്നു.

ഉപസ്ഥ ഗിൽ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി, ഒരു വോളിബോൾ ടൂർണമെന്‍റിനായാണ് താൻ നേപ്പാളിൽ എത്തിയതെന്ന് വീഡിയോയിൽ പറഞ്ഞു. നേപ്പാളിൽ മൂന്നാം ദിവസവും സംഘർഷം തുടരുന്നതിനാൽ തന്നെ രക്ഷിക്കണമെന്ന് അവർ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവരെ ടാഗ് ചെയ്താണ് ഉപസ്ഥയുടെ പോസ്റ്റ്.

കെ പി ശർമ്മ ഒലി സർക്കാരിന്‍റെ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ ആയിരക്കണക്കിന് യുവനേപ്പാളി പൗരന്മാർ തെരുവിലിറങ്ങിയതിനെ തുടർന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 20-ൽ അധികം പേരാണ് മരിച്ചത്. നിരോധനം ഒരു ദിവസത്തിന് ശേഷം പിൻവലിച്ചെങ്കിലും, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായുള്ള വ്യാപക പ്രതിഷേധമായി ഇത് മാറിയതോടെ നേപ്പാളി പ്രധാനമന്ത്രിക്ക് രാജിവെക്കേണ്ടിവന്നു.

പ്രതിഷേധക്കാർ വിനോദസഞ്ചാരികളെ പോലും വെറുതെ വിടുന്നില്ലെന്ന് വീഡിയോയിൽ വിതുമ്പിക്കൊണ്ട് ഗിൽ പറയുന്നു. ഹോട്ടലിലെ സ്പായിൽ ഇരിക്കുമ്പോൾ പ്രതിഷേധക്കാർ ഇരച്ചെത്തി വടികളുമായി തന്നെ പിന്തുടർന്നു. തന്‍റെ എല്ലാ സാധനങ്ങളും കത്തിച്ചുകളഞ്ഞെന്നും അവർ പറഞ്ഞു. “ഞാൻ പോഖറയിൽ കുടുങ്ങിക്കിടക്കുകയാണ്. ഞാൻ ഇവിടെ ഒരു വോളിബോൾ ലീഗിനായി വന്നതാണ്, ഞാൻ താമസിച്ചിരുന്ന ഹോട്ടൽ പൂർണ്ണമായും കത്തിച്ചു,” ഗിൽ പറഞ്ഞു.

“എന്‍റെ എല്ലാ ലഗേജുകളും, സാധനങ്ങളും എന്‍റെ മുറിയിലുണ്ടായിരുന്നു, മുഴുവൻ ഹോട്ടലും തീയിട്ടു. ഞാൻ സ്പായിൽ ആയിരുന്നതിനാൽ, വലിയ വടികളുമായി ആളുകൾ എന്‍റെ പിന്നാലെ ഓടുകയായിരുന്നു, ഞാൻ കഷ്ടിച്ചാണ് എന്റെ ജീവൻ രക്ഷിച്ചത്,” അവർ കൂട്ടിച്ചേർത്തു.

നേപ്പാളിലെ സാഹചര്യം വളരെ മോശമാണ് എന്ന് വിവരിച്ച യുവതി, പ്രതിഷേധക്കാർ വിനോദസഞ്ചാരികളെ പോലും പരിഗണിക്കാതെ എല്ലാത്തിനും തീയിടുകയാണെന്നും പറഞ്ഞു. ഇവിടെ സ്ഥിതി വളരെ മോശമാണ്. എല്ലായിടത്തും റോഡുകളിൽ തീയിടുകയാണ്. അവർ വിനോദസഞ്ചാരികളെ വെറുതെ വിടുന്നില്ല. ഒന്നും ആലോചിക്കാതെയാണ് അവർ എല്ലായിടത്തും തീയിടുന്നത്, സ്ഥിതി വളരെ മോശമായി എന്നും അവർ കൂട്ടിച്ചേർത്തു.

ഒടുവിൽ, തന്നെയും മറ്റ് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെയും സഹായിക്കണമെന്ന് ഇന്ത്യൻ എംബസിയോട് അവർ അപേക്ഷിച്ചു. “ഞങ്ങൾ എത്രനാൾ മറ്റൊരു ഹോട്ടലിൽ താമസിക്കുമെന്ന് അറിയില്ല. ഞങ്ങളെ സഹായിക്കാൻ ഇന്ത്യൻ എംബസിയോട് ഞാൻ അഭ്യർത്ഥിക്കുന്നു… എന്‍റെ കൂടെ ഇവിടെ നിരവധി ആളുകളുണ്ട്. കൈകൂപ്പി ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു, ദയവായി ഞങ്ങളെ സഹായിക്കൂ,” ഗിൽ പറഞ്ഞു.

ഇന്ത്യ മുന്നറിയിപ്പ് നൽകി

നേപ്പാളിൽ 400-ൽ അധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. നേപ്പാളിലെ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് ചിലരെ ഉത്തർപ്രദേശിലെ സോനൗലിയിലുള്ള ഇന്ത്യ-നേപ്പാൾ അതിർത്തി വഴി തിരിച്ചെത്തിച്ചു. ഡാർജിലിംഗിലെ പാനിറ്റങ്കി അതിർത്തി കടന്നും ചിലർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഒരു പ്രത്യേക വിമാനം അയക്കുമെന്നും സർക്കാർ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നേപ്പാളിലുള്ള ഇന്ത്യക്കാർ യാത്ര ചെയ്യുന്നത് മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. “നിലവിൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ അവരുടെ താമസസ്ഥലങ്ങളിൽ അഭയം തേടാനും, പുറത്ത് പോകുന്നത് ഒഴിവാക്കാനും, എല്ലാ മുൻകരുതലുകളും എടുക്കാനും നിർദ്ദേശിക്കുന്നു,” എന്നും എംബസി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe