നിലമ്പൂർ ∙ ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് നിലമ്പൂരിലെ രണ്ട് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനങ്ങൾ പൊലീസ് പിടികൂടി. ഓണാഘോഷത്തിന് എത്തിച്ച ആഡംബര വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. നമ്പർ പ്ലേറ്റിനു പകരം ‘അലിയാർ ഗ്യാങ് ‘ എന്നെഴുതിയ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് വൻ തുക പിഴയായി ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.
മൂവാറ്റുപുഴയിൽ വാടകയ്ക്ക് എടുത്ത കെഎസ്ആർടിസി ബസിൽ അപകടയാത്ര നടത്തിയ എൻജിനീയറിങ് വിദ്യാർഥികളുടെ ഓണാഘോഷം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെ ആയിരുന്നു പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ പൊതുവഴിയിൽ ഘോഷയാത്ര സംഘടിപ്പിച്ചത്. ബസിന് മുന്നിലും പിന്നിലുമായി കാറുകളും പോത്തും ഒക്കെ ഉണ്ടായിരുന്നു. ഇലാഹിയ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ഇത്തരത്തിൽ അപകടകരമായ ഓണാഘോഷം സംഘടിപ്പിച്ചത്.