അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

news image
Aug 21, 2025, 2:25 pm GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോ​ഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വീടിന് സമീപത്തെ കുളത്തിൽ കുട്ടിയും കുളിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ഇന്നലെ രോ​ഗം സ്ഥീരികരിച്ചിരുന്നു. പനി ബാധിച്ച് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പതിനൊന്നു. വയസുകാരിക്കാണ് മൈക്രൊബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ കുട്ടിക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ് കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

 

വീടിന് സമീപത്തെ തോട്ടിലും കോഴിക്കോട് കായണ്ണയിലെ ടർഫിനോട് ചേർന്ന പൂളിലും കുട്ടി കുളിച്ചിരുന്നു. ഇവിടുത്തെ ജലസാംപിളുകൾ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണുള്ളത്.

അന്നശ്ശേരി സ്വദേശിയായ 49 കാരന്റെ ആരോഗ്യസ്ഥിതിയിലും മാറ്റമില്ല. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാംക്ലാസുകാരി അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധന നടത്തി. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത മറ്റ് സ്ഥലങ്ങളിലും സംഘം പരിശോധന നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe