താമരശ്ശേരിയില്‍ മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം

news image
Aug 19, 2025, 6:06 am GMT+0000 payyolionline.in

താമരശ്ശേരി:അമീബിക് മസ്തിഷ്കരം ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസ് വിദ്യാർഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം.വിദഗ്ധ പരിശോധനക്കായി വീണ്ടും സാമ്പിൾ ശേഖരിക്കും. വിദഗ്ദ ഡോക്ടർമാരെത്തി കുട്ടിയുടെ നട്ടെല്ലിൽ നിന്ന് സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയക്കും. സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ടാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഏഴു വയസുകാരനായ ഇളയ സഹോദരനാണ് പനിയും ശർദിയും അനുഭവപ്പെട്ടത്.

അനയക്കൊപ്പം ഇളയ സഹോദരനും കുളത്തില്‍ കുളിച്ചിരുന്നു. കുട്ടിയുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമില്ലെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിരുന്നു. വീടിന് സമീപമുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.

സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി അനയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കുഞ്ഞ് അവശനിലയിൽ ആയപ്പോഴും പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും നഴ്സുമാർ മോശമായി പെരുമാറിയെന്നും മരിച്ച അനയയുടെ മാതാവ് റംബീസ  പറഞ്ഞിരുന്നു. രാവിലെ പത്തുമണിക്ക് ആശുപത്രിയിലേക്ക് നടത്തിക്കൊണ്ടുപോയ മകളെ വൈകിട്ട് വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് തിരിച്ചുതന്നതെന്ന് മാതാവ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe