ദിവസവും ഇൻസ്റ്റന്റ് നൂഡിൽസ് കഴിക്കാറുണ്ടോ ? ഇവ ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ

news image
Aug 16, 2025, 12:51 pm GMT+0000 payyolionline.in

തിരക്കുകളുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഒന്നിനും ആർക്കും സമയമില്ല. ഈ സമയത്ത് എല്ലാം എളുപ്പം ആകണം, ഭക്ഷണം കഴിക്കുന്നത് പോലും. അത്തരക്കാർ കൂടുതലും ആശ്രയിക്കുന്നത് ഇൻസ്റ്റന്റ് നൂഡിൽസ് പോലുള്ളവയെ ആണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പലരുടെയും ഇഷ്ടപ്പെട്ട ലഘുഭക്ഷണം ആണിത്. എന്നാൽ എന്നും ഇത് ഉള്ളിൽ ചെന്നാൽ കുഴപ്പമാണോ ?

ഗോതമ്പ് മാവിൽനിന്നാണ് ഇൻസ്റ്റന്റ് നൂഡിൽസ് ഉണ്ടാക്കുന്നത്. രുചി കൂട്ടാനായി ചില ഫ്ലേവറുകളും ഇവയിൽ ചേർക്കാറുണ്ട്. ഉപ്പും വളരെ കൂടുതൽ ആയിരിക്കും. ഒരു സാധാരണ സെർവിങ്ങിൽ 600–1,500mg സോഡിയം അടങ്ങിയിരിക്കാം. ഇത് ശുപാർശ ചെയ്യുന്ന ദൈനംദിന ഉപഭോഗത്തിന് അടുത്തോ അതിലധികമോ ആണ് (ലോകാരോഗ്യ സംഘടന പ്രതിദിനം 2,000mg സോഡിയത്തിൽ താഴെ ശുപാർശ ചെയ്യുന്നു).

ഉയർന്ന സോഡിയം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.റിഫൈൻഡ് ഗോതമ്പിൽ നിന്നാണ് ഇവ നിർമിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയിൽ അധികം നാരുകൾ കാണില്ല.

ഇൻസ്റ്റന്റ് നൂഡിൽസിൽ പ്രോട്ടീൻ കുറവാണ്. റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ കാരണം ഇത് കഴിച്ച ഉടൻ തന്നെ വയറു നിറയും, പക്ഷേ പ്രോട്ടീന്റെ ഉറവിടമായ മുട്ട, മാംസം എന്നിവ ചേർത്തില്ലെങ്കിൽ താമസിയാതെ നിങ്ങൾക്ക് വീണ്ടും വിശക്കും.

വല്ലപ്പോഴും ഇവ കഴിക്കുന്നത് കൊണ്ട് ദോഷമൊന്നും ഉണ്ടാവില്ല. എന്നാൽ ദിവസവും കഴിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

ദക്ഷിണ കൊറിയയിൽ മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ, ഇടയ്ക്കിടെ (ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ) ഇൻസ്റ്റന്റ് നൂഡിൽസ് കഴിക്കുന്നവരിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ, മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തി. ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു കൂട്ടം അവസ്ഥകളാണ് മെറ്റബോളിക് സിൻഡ്രോം.

നൂഡിൽസ് കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവ പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. പകരം, അവ ആരോഗ്യകരമാക്കാൻ കുറച്ച് ചേരുവകൾ ചേർത്താൽ മതിയാകും. പച്ചക്കറികൾ ചേർക്കുക (ചീര, ബ്രോക്കോളി, കാരറ്റ് അല്ലെങ്കിൽ നാരുകൾ, വിറ്റാമിനുകൾ കൂടുതലുള്ള മറ്റെന്തെങ്കിലും ചേർക്കുക), പ്രോട്ടീൻ (വേവിച്ചതോ പൊരിച്ചതോ ആയ മുട്ട, ടോഫു, ചിക്കൻ) ഉൾപ്പെടുത്തുക, ഫ്ലേവർ പായ്ക്കറ്റ് ഒഴിവാക്കുക, മുഴുവൻ ധാന്യങ്ങളടങ്ങിയ നൂഡിൽസ് അല്ലെങ്കിൽ എയർ-ഡ്രൈഡ് നൂഡിൽസ് കഴിക്കാൻ ശ്രദ്ധിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe