2025 ഓഗസ്റ്റ് 15 ന് ഇന്ത്യ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. നീണ്ടകാലത്തെ ഇരുണ്ട ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ഓർമ്മക്ക് എല്ലാവർഷവും ഈ ദിവസം ഗംഭീരമായി ആഘോഷിക്കാറുണ്ട്. നമ്മുടെ പൂർവികരുടെ കഷ്ടപ്പാടിന്റെയും പോരാട്ടത്തിന്റെയും ഫലമായിട്ടാണ് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായി മാറിയത്. ഈ ദിവസം രാജ്യം ദേശീയ പതാക ഉയർത്തിയും, സ്വാതന്ത്ര്യം നേടിതന്ന വീരന്മാരെ ഓർക്കുകയും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി സ്കൂളുകളിലും, കോളേജുകളിലും, ക്ലബ്ബുകളിലും പല സംഘടനകളും ഈ ദിവസം നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
പ്രസംഗം, ഉപന്യാസം, ക്വിസ്, ദേശഭക്തിഗാന മത്സരങ്ങൾ എന്നിവ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി നടത്തറുണ്ട്. സ്വാതന്ത്ര്യദിനത്തിലെ ഒരു പ്രസംഗത്തിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണം, എങ്ങനെ നല്ല പ്രസംഗം തയ്യാറാക്കുന്നതെന്നും അറിയാം
സ്വാതന്ത്ര്യദിനം പ്രസംഗം എങ്ങനെ മനോഹരമായി തയ്യാറാക്കാം?
1 കാണികളെ മനസിലാക്കി വേണം പ്രസംഗം പറയാൻ
ഒരു പ്രസംഗം തയ്യാറാക്കാൻ ഇരിക്കുമ്പോൾ അല്ലെങ്കിൽ പറയാൻ നിൽക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന കാണികളെ മനസിലാക്കണം. കുട്ടികളാണോ, അതോ മുതിർന്നവരാണോ, അതോ കുട്ടികളും മുതിർന്നവരും ഉൾപ്പടെ ഉള്ള ഒരു സമൂഹത്തിലാണോ നിങ്ങൾ സംസാരിക്കുന്നതെന്ന് മനസിലാക്കണം. അതിന് അനുസരിച്ച് വേണം നിങ്ങൾ പ്രസംഗം തയ്യാറാക്കാൻ.സ്കൂൾ കുട്ടികൾക്കാണെങ്കിൽ കഴിവതും വളരെ സിംപിൾ ആയി പറയണം. ഇനി മുതിർന്നവരാണെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടി ഇൻഫോർമേഷൻ ഉൾപ്പെടുത്തി സംസാരിക്കാം.
2 പ്രസംഗിക്കാൻ തിരഞ്ഞെടുക്കുന്ന വിഷയത്തെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് നിങ്ങൾ പ്രസംഗിക്കുന്നതെങ്കിൽ, അതിനോട് അനുബന്ധിച്ചുള്ള വിഷയത്തെ കുറിച്ച് അറിവ് നേടിയിരിക്കണം. സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രം, അന്ന് അതിൽ ഉണ്ടായിരുന്ന പ്രധാന നേതാക്കൾ, നടന്ന പ്രധാന സംഭവങ്ങൾ, എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം. അതുപോലെ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയിൽ നടന്ന പ്രധാന സംഭവം, വെല്ലുവിളികൾ, നേട്ടങ്ങൾ എന്നിവ നിങ്ങൾക്ക് ഉൾപ്പെടുത്താം. അതുപോലെ പണ്ടത്തെ ചരിത്രവും, ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥയും തമ്മിൽ കൂട്ടി ചേർത്തും നിങ്ങൾക്ക് സംസാരിക്കാം.
3 ആമുഖം
ഒരു പ്രസംഗം മനോഹരമാകണമെങ്കിലും,കേൾക്കുന്നവർ മുഴുവൻ സമയവും അതിൽ കേട്ടിരിക്കണമെങ്കിലും നിങ്ങളുടെ ആമുഖം നല്ലതായിരിക്കണം. ഒരു ആമുഖമാണ് പ്രസംഗത്തിന്റെ ഹൈലൈറ്റ്. സദസിനെ അഭിവാദ്യം ചെയ്തു വേണം നിങ്ങൾ പ്രസംഗം ആരംഭിക്കാൻ.ഉദാഹരണത്തിന്, നിങ്ങൾ പ്രസംഗം അവതരിപ്പിക്കുന്നത് ഒരു സ്കൂളിൽ ആണെങ്കിൽ, നിങ്ങൾ തുടങ്ങുമ്പോൾ, ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, അധ്യാപകർ, വിശിഷ്ട വ്യക്തികളെ, എന്റെ പ്രിയ സുഹൃത്തുക്കളെ എന്ന് പറഞ്ഞു ആരംഭിക്കാം. ഇനി അത് സംഘടനകളിലോ, ക്ലബുകളിലോ ആണെങ്കിൽ ബഹുമാനപെട്ട പ്രസിഡണ്ട് സെക്രട്ടറി, വിശിഷ്ട വ്യക്തികളെ പ്രിയ സഹോദരങ്ങളെ അല്ലെങ്കിൽ സുഹൃത്തുക്കളെ എന്ന് പറഞ്ഞ് തുടങ്ങാം.അതിനു ശേഷം, ഇന്ന് നമ്മൾ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് ഇവിടെ ഒരുമിച്ച് കുടിയിരിക്കുന്നതെന്ന് പറഞ്ഞു തുടങ്ങാം. അതിന്റെ കൂട്ടത്തിൽ ഏതെങ്കിലും ഒരു ചെറിയ കഥയോ, ചിന്തയോ പറയാം. അല്ലെങ്കിൽ ഒരു ചോദ്യം കാണികളുടെ മനസിലേക്ക് ഇട്ടുകൊടുത്തും നിങ്ങൾക്ക് ആമുഖം അവസാനിപ്പിക്കാം.
4 വിഷയത്തിലേക്ക് കടക്കാം
ആമുഖം കഴിഞ്ഞാൽ നേരെ വിഷയത്തിലേക്ക് പോകാം. ചെറുതായിട്ട് ഒന്ന് ചരിത്രം പറയാം, അതുപോലെ ബ്രിട്ടീഷ് ഭരണകാലത്തെ എന്തെങ്കിലും കഥകളെ കുറിച്ച് സംസാരിക്കാം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കഥകൾ അല്ലെങ്കിൽ അവരെ കുറിച്ചുള്ള ഓർമ്മകൾ ഒക്കെ നിങ്ങൾക്ക് പറയാം.അതിനു ശേഷം, സ്വാതന്ത്ര്യ ദിനത്തിന്റെ പ്രത്യേകത, എന്താണെന്നും, ഓരോ ഇന്ത്യക്കാരന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ചും സംസാരിക്കാം. നിലവിലെ ഇന്ത്യയുടെ വികസനം, അന്ന് ഇന്നും താരതമ്യപ്പെടുത്തിയും നിങ്ങൾക്ക് സംസാരിക്കാം. അതുപോലെ നിങ്ങൾ ആദ്യം കാണികളുടെ ഉള്ളിലേക്ക് എന്തെങ്കിലും ചോദ്യം ഇട്ടു കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരം പറയാൻ ശ്രദ്ധിക്കണം.
5 സമാപനം
പ്രസംഗം അവസാനിപ്പിക്കാൻ പോകുന്നതിനു മുന്നേ നിങ്ങൾ യുവാക്കൾക്ക് ഇന്ത്യക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് പറയണം. അവരെ ഇന്ത്യയുടെ പുരോഗതിയിലേക്ക് സംഭാവന നൽകുന്നതിനുള്ള മോട്ടിവേഷൻ നൽകണം. പ്രസംഗം നിർത്തുന്ന സമയത്ത് അവസരം തന്നവർക്ക് നന്ദി പറഞ്ഞും, ജയ് ഹിന്ദ് പറഞ്ഞും അവസാനിപ്പിക്കാംപ്രസംഗിക്കാൻ നിൽക്കുന്ന വ്യക്തി പൊതുവെ ശ്രദ്ധിക്കേണ്ടുന്ന കാര്യം നിങ്ങളുടെ പ്രസംഗത്തിന്റെ നീളമാണ്. വളരെ ചുരുക്കി വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ. അതുപോലെ അഞ്ച്, എട്ട്, അല്ലെങ്കിൽ പത്ത് മിനിറ്റിനുള്ളിൽ പ്രസംഗം അവസാനിപ്പിക്കണം. ഇനി നിങ്ങൾക്ക് സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ ആ സമയത്തിനുള്ളിൽ തന്നെ നിർത്താൻ ശ്രമിക്കണം. കാരണം നിങ്ങളുടെ പ്രസംഗത്തിന്റെ അളവ് കൂടും തോറും ആളുകൾക്ക് നിങ്ങളെ കേൾക്കാനുള്ള ശ്രദ്ധയും കുറയും