ക്യാമറകൾ മിഴി തുറന്നു; ദേശീയപാത 66ൽ വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ: നിയമലംഘനം പെട്ടെന്നു കണ്ടെത്താനാകും

news image
Aug 11, 2025, 4:33 pm GMT+0000 payyolionline.in

രാമനാട്ടുകര: ക്യാമറകൾ മിഴി തുറന്നതോടെ രാമനാട്ടുകര ദേശീയപാത 66ൽ വാഹനങ്ങൾ നിരീക്ഷണ വലയത്തിൽ. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള പാതയിൽ മുഴുവൻ വാഹനങ്ങളുടെയും ചലനങ്ങൾ ഇനി സദാസമയം ക്യാമറകൾ ഒപ്പിയെടുക്കും. ആദ്യ റീച്ചിൽ ഉൾപ്പെട്ട 28.4 കിലോമീറ്റർ വിവിധ ഭാഗങ്ങളിലായി 46 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സംവിധാനം ഇന്നലെ വൈകിട്ടാണ് പ്രവർത്തിപ്പിച്ചു തുടങ്ങി.

മാമ്പുഴ പാലത്തിനു സമീപം സ്ഥാപിച്ച ടോൾ ബൂത്ത് പരിസരത്ത് ഫിക്സഡ് ക്യാമറകളാണുള്ളത്. പാതയിലുടനീളം മറ്റിടങ്ങളിൽ കറങ്ങുന്ന ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 15 ദിവസത്തെ റിക്കോർഡിങ് സൂക്ഷിക്കാനും വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പറുകൾ തിരിച്ചറിയാൻ ദൃശ്യങ്ങൾ വലുതാക്കാനും(സൂമിങ്)ശേഷിയുള്ള സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. മാമ്പുഴ ടോൾ ബൂത്തിലെ പ്രത്യേക മുറിയിൽ മോണിറ്റർ സ്ഥാപിച്ചാണ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്.

സിസിടിവി ക്യാമറകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയതോടെ ദേശീയപാതയിൽ വാഹനങ്ങളുടെ നിയമലംഘനം പെട്ടെന്നു കണ്ടെത്താനാകും. മാത്രമല്ല അപകടങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഉണ്ടായാൽ പൊലീസ് അന്വേഷണത്തിനും ഏറെ സഹായകമാകും. ക്യാമറകൾ തമ്മിൽ ബന്ധിപ്പിച്ച് രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള പാതയിലെ മുഴുവൻ വാഹനങ്ങളും നിരീക്ഷിക്കാൻ കഴിയുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe