പാലക്കാട്: ചിറ്റൂ൪ പുഴയിൽ ഒഴുക്കിൽപ്പെട്ട് തമിഴ് നാട് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ കർപ്പകം സർവകാലാശാലയിലെ രണ്ടാം വർഷ ബയോടെക്നോളജി വിദ്യാർഥികളായ ശ്രീഗൗതം, അരുൺകുമാർ എന്നിവരാണ് മരിച്ചത്. 21 കാരനായ രാമേശ്വരം സ്വദേശി ശ്രീഗൗതമിനെ നാട്ടുകാരും ഫയർഫോഴ്സും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നെയ് വേലി സ്വദേശി അരുൺകുമാറിനെ നാലരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. നിലംപതി പാലത്തിനടിയിലെ കലുങ്കിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിറ്റൂർ ഷണ്മുഖം നിലംപതി പാലത്തിനടുത്തെ ചെക്ക്ഡാമിലായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും അവധി ആഘോഷത്തിനെത്തിയതായിരുന്നു പത്തംഗ സംഘം. കുളിക്കാനായി ചെക്ക് ഡാമിലിറങ്ങിയപ്പോൾ കലുങ്കിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.