രാത്രിയേയും മഴയേയും തോൽപ്പിച്ച ജനസാഗരമാണ് വിഎസിനെ യാത്രയാക്കാനായി ആർത്തലച്ചെത്തിയത്. മഴ തടഞ്ഞില്ല…കാത്തിരിപ്പ് മുഷിച്ചില്ല കണ്ടേ മടങ്ങുവെന്ന് പ്രിയപ്പെട്ടവർ. പ്രിയ നേതാവിനെ അവസാനമായി കാണാൻ രാത്രിയെ പകലാക്കി ജനം തിക്കിതിരക്കുന്ന കാഴ്ചയാണ് വിലാപയാത്ര വരുന്ന ദേശീയപാതയുടെ ഓരോയിടത്തും കാണാൻ കഴിഞ്ഞത്. വിപ്ലവ നായകനെ ഒരു നോക്ക് കാണാൻ പ്രായഭേദമില്ലാതെ എത്തുന്ന ജനക്കൂട്ടം. ചെറിയ കുഞ്ഞുങ്ങൾ അമ്മമാർ അങ്ങിനെ അങ്ങിനെ.
കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല, വി എസിനെ കാണാൻ വേണ്ടി പുലർച്ചെ 3 മണിക്ക് പത്തനംതിട്ടയിൽ നിന്ന് എത്തിയതാ വിങ്ങിപ്പൊട്ടി കൈക്കുഞ്ഞുമായി ഓടി എത്തിയ ഗോപിക പറഞ്ഞു. ‘വീട്ടിലെ ഒരാള് പോയ പോലെയാ… കൊച്ചിലെ മുതൽ വി എസിനെ കണ്ടിട്ടാ കൊടി എടുത്തത്. വി എസ് ജീവിച്ചിരുന്ന കാലത്ത് ജീവിച്ചു എന്ന് പറയുന്നത് തന്നെ വലിയ ഭാഗ്യം ആണ്. എന്റെ കുഞ്ഞിനും അതെ ഭാഗ്യം ഉണ്ടായി’ ഗോപിക പറയുന്നു.
വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ ആരംഭിച്ച വിലാപയാത്ര പതിനേഴ് മണിക്കൂർ പിന്നിടുമ്പോഴാണ് ആലപ്പുഴ ജില്ലയിലേക്ക് കടന്നത്. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെ പൊതുദർശനത്തിന് ശേഷം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും.ശേഷം ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.